ഡേവിഡ് സിൽവയുടെ ഗംഭീര ഫ്രീകിക്ക് ഉൾപ്പെടെ ഗോൾ മഴ പെയ്യിച്ച് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ഗംഭീര വിജയം. ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വൻ വിജയം തന്നെയാണ് നേടിയത്‌. ന്യൂകാസിലിന് ഒരു തരത്തിലും പിടിച്ചു നിൽക്കാൻ പറ്റാത്ത തരത്തിൽ ഉള്ള അറ്റാക്ക് ആണ് സിറ്റി തുടക്കം മുതൽ നടത്തിയത്. പത്താം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു.

10ആം മിനുട്ടിൽ ഡേവിഡ് സിൽവയുടെ പാസിൽ നിന്ന് ജീസുസ് ആണ് ഗോൾ നേടിയത്. 20ആം മിനുട്ടിൽ മെഹ്റസ് ലീഡ് ഇരട്ടിയാക്കി. ഡി ബ്രുയിൻ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോൾ സിറ്റിയുടെ മൂന്നാം ഗോളും എത്തിച്ചു. നാലാം ഗോൾ ആയിരുന്നു കളിയിലെ ഏറ്റവും സുന്ദര ഗോൾ. ഡേവിഡ് സിൽവ ആണ് ഒരു കേർലർ ഫ്രീകിക്കിലൂടെ ന്യൂകാസിൽ വല കുലുക്കിയത്. സ്റ്റെർലിംഗ് ആണ് അവസാന ഗോൾ നേടിയത്. ആ ഗോൾ ഒരുക്കിയതും സിൽവ ആയിരുന്നു.

ഈ വിജയത്തോടെ സിറ്റി 34 മത്സരങ്ങളിൽ 69 പോയന്റിൽ എത്തി. ഒരു വിജയം കൂടി നേടിയാൽ സിറ്റിക്ക് രണ്ടാം സ്ഥാനം ഉറപ്പാകും.

Previous articleദക്ഷിണാഫ്രിക്കയുടെ വനിത ടീം കോച്ചിന് മൂന്ന് വര്‍ഷത്തെ പുതിയ കരാര്‍
Next articleഅവസാന നിമിഷ ഗോളിൽ വോൾവ്സിനെ വീഴ്ത്തി ഷെഫീൽഡ്