ബെർണാഡോ സിൽവ സിറ്റിയിൽ തുടരും, താരത്തെ വിട്ടുകൊടുക്കില്ല എന്ന് പെപ്പ്

Nihal Basheer

20220829 163525

ബെർണാഡോ സിൽവ ബാഴ്‌സലോണയിലേക്ക് ചേക്കേറിയെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ താരം സിറ്റിയിൽ തന്നെ തുടരുമെന്ന വെളിപ്പെടിത്തലുമായി പെപ്പ് ഗ്വാർഡിയോള. “സിൽവ പകരം വെക്കാനില്ലാത്ത താരമാണ്” പെപ്പ് തുടർന്നു, “ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളാണ് സിൽവ, അദ്ദേഹത്തിന് നാലോ അഞ്ചോ സ്ഥാനങ്ങളിൽ ടീമിനായി കളിക്കാൻ ആവും. പിച്ചിൽ മാത്രമല്ല, പിച്ചിന് പുറത്തും സിൽവയെ ടീമിന് ആവശ്യമുണ്ട്. ടീം ഡ്രസിങ് റൂമിലും ഒരുപാട് സ്വാധീനമുണ്ട് സിൽവയ്ക്ക്”.

താരത്തിന്റെ ക്രിസ്റ്റൽ പാലസിനെതിരെയുള്ള പ്രകടനത്തെയും പെപ്പ് പുകഴ്ത്തി. “ഹാലണ്ട് തന്നെ ആയിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. പക്ഷെ ബെർണാഡോയുടെ പ്രകടനവും മറക്കാൻ കഴിയില്ല. ഗോൾ നേടിയും അവസരങ്ങൾ സ്രഷ്ടിച്ചും അദ്ദേഹം ടീമിനെ സഹായിച്ചു.” പെപ്പ് പറഞ്ഞു. രണ്ടു ഗോളിന് പിറകിൽ നിന്ന അവസരത്തിൽ ബെർണാഡോ ടീമിനെ സഹായിക്കാൻ മുന്നോട്ടു വന്നു. ഇത്തരം സാഹചര്യങ്ങളിൽ അതെല്ലാവർക്കും കഴിയുന്ന സംഗതിയല്ല. അതു കൊണ്ട് കൂടിയാണ് അദ്ദേഹം ടീമിലെ പകരം വെക്കാനില്ലാത്ത താരമായി മാറുന്നതെന്നും പെപ്പ് കൂട്ടിച്ചേർത്തു.

നേരത്തെ ബാഴ്‌സലോണക്ക് പുറമെ പിഎസ്ജിയും സിൽവക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തത്കാലം താരം സിറ്റിയിൽ തന്നെ തുടരുമെന്ന് പെപ്പിന്റെ കൂടി വെളിപ്പെടുത്താലോടെ ഉറപ്പായിരിക്കുകയാണ്.