ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു

Img 20220829 185807

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ സ്ട്രൈക്കർ വി എസ് ശ്രീകുട്ടൻ ക്ലബ് വിട്ടു. താരത്തെ റിലീസ് ചെയ്തതായി ക്ലബ് അറിയിച്ചു. ശ്രീകുട്ടനും ഹക്കുവും അനിൽ ഗവോങ്കറും ക്ലബ് വിടുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രഖ്യാപിച്ചു.

ഐ ലീഗ് ക്ലബായ ഗോകുലം കേരള ആകും ശ്രീകുട്ടന്റെ ഇനിയുള്ള തട്ടകം എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ശ്രീകുട്ടൻ ഗോകുലം കേരളയിൽ ലോണിൽ കളിച്ചിരുന്നു. ഗോകുലത്തിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് ശ്രീകുട്ടൻ. 17 മത്സരങ്ങൾ കളിച്ച ശ്രീകുട്ടൻ രണ്ട് നിർണായക ഗോളുകൾ നേടിയിരുന്നു.

കഴിഞ്ഞ പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എൽ സ്ക്വാഡിൽ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് താരം ലോണിൽ പോയത്‌.

മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. അര എഫ് സിക്കായും കെ എസ് ഇ ബിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.