അന്ത്യമില്ലാത്ത ഫോറസ്റ്റ് നീക്കങ്ങൾക്ക്!! വില്ലി ബോളിയും നോട്ടിങ്ഹാമിലേക്ക്

Nihal Basheer

20220829 163034

വോൾവ്സ് പ്രതിരോധ താരം വില്ലി ബോളിയെ ടീമിലേക്കെത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്ഫർ വിൻഡോ അവസാന ദിവസങ്ങളിലേക്ക് കടന്നതിനാൽ അടുത്ത ദിവസം തന്നെ കൈമാറ്റം പൂർത്തിയാക്കാനാണ് നോട്ടിങ്ഹാമിന്റെ ശ്രമം. ഈ ട്രാൻസ്ഫർ വിൻഡോയിൽ നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്ന പത്തൊൻപതാമത്തെ താരമാവും ഇതോടെ ബോളി.

അതേ സമയം ടീം മാറ്റം കൊതിക്കുന്ന ബോളി കഴിഞ്ഞ മത്സരത്തിൽ വോൾവ്സ് നിരയിൽ ഉണ്ടായിരുന്നില്ല. ന്യൂകാസിലിനെതിരെയുള്ള മത്സരത്തിൽ ബോളിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എന്നും എന്നാൽ താരം മത്സരത്തിന് എത്തിയില്ല എന്നും വോൾവ്സ് കോച്ച് ബ്രൂണോ ലായ്ജെ പറഞ്ഞു. കൈമാറ്റം വേഗത്തിലാക്കാൻ വേണ്ടി വോൾവ്സിനെ സമ്മർദ്ദത്തിൽ ആക്കാൻ ആണ് താരത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പോർട്ടോയിൽ നിന്നും 2017ൽ വോൾവ്സിൽ എത്തിയ ശേഷം ടീമിന്റെ പ്രതിരോധത്തിലെ സുപ്രധാന താരമായിരുന്നു ബോളി.

എന്നാൽ കഴിഞ്ഞ സീസണിൽ ആകെ പത്ത് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ടീമിന് വേണ്ടി ഇറങ്ങിയത്. ഇത്തവണ ലീഗിലെ ആദ്യ മത്സരങ്ങളിൽ ബെഞ്ചിൽ ആയിരുന്നു സ്ഥാനം. ഇതിന് പിറകെ നോട്ടിങ്ഹാമിന്റെ ഓഫർ കൂടി വന്നതോടെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു താരവും. വോൾവ്സിനായി നൂറ്റിനാല്പതിയേഴ് മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.