ഹോം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ചെൽസി ഇന്ന് ഷെഫീൽഡിനെതിരെ

പ്രീമിയർ ലീഗ് ഈ സീസണിൽ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആദ്യ ജയം തേടി ലംപാർഡും ചെൽസിയും ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്.

അക്കാദമി താരങ്ങളായ മൌണ്ട്, അബ്രഹാം എന്നിവരുടെ ഫോമിലാണ് ചെൽസിയുടെ പ്രതീക്ഷ. പക്ഷെ പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകൾ ഇന്നും ശെരിയാക്കാൻ സാധിച്ചില്ലെങ്കിൽ അത് മുതലെടുക്കാൻ കെൽപ്പുള്ള ടീമാണ് ഷെഫീൽഡ്. അനുഭവസമ്പത്തുള്ള താരങ്ങളുടെ പരിക്കാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. കാന്റെ ഇന്ന് കളിക്കില്ല. റൂഡിഗർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇന്ന് ടീമിൽ ഉണ്ടാവാൻ സാധ്യതയില്ല. പെഡ്രോയും ഇന്ന് കളിക്കില്ല.

ഷെഫീൽഡിന്റെ റെക്കോർഡ് സൈനിംഗ് ഒലി മഖ്ഭ്രൂണി ഇന്ന് ആദ്യ ഇലവനിൽ അരങ്ങേറിയേക്കും. ചെൽസി പരിശീലകൻ ലംപാർഡ് ഡർബിക്ക് ഒപ്പം ചാമ്പ്യൻഷിപ്പിൽ ഷെഫീൽഡിനെ നേരിട്ട അനുഭവങ്ങൾ പാഠമാക്കിയാകും ഇന്ന് ടീമിനെ ഇറക്കുക. 2006-2007 സീസണിലാണ് അവസാനമായി ചെൽസിയും ഷെഫീൽഡും പ്രീമിയർ ലീഗിൽ നേരിട്ട് ഏറ്റു മുട്ടിയത്. അന്ന് 2 മത്സരങ്ങളിലും ചെൽസിക്കായിരുന്നു ജയം.

Previous articleനാപോളിക്കെതിരെയും യുവന്റസ് ടീമിനൊപ്പം സരി ഉണ്ടാവില്ല
Next articleയു.എസ് ഓപ്പൺ നാലാം റൗണ്ടിൽ ദ്യോക്കോവിച്ചും വാവറിങ്കയും നേർക്കുനേർ