യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ ദ്യോക്കോവിച്ചും വാവറിങ്കയും നേർക്കുനേർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

സീഡ് ചെയ്യാത്ത അമേരിക്കൻ താരം കുട്ലയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച്. കഴിഞ്ഞ മത്സരത്തിൽ പരിക്ക് ബുദ്ധിമുട്ടിച്ച സെർബിയൻ താരത്തിൽ നിന്നു ഇന്ന് പിറന്നത് വ്യക്തയമായ ആധിപത്യം പുലർത്തിയ മത്സരം ആയിരുന്നു. ആദ്യ സെറ്റ് 6-3 നും രണ്ടാമത്തെത് 6-4 നും മൂന്നാം സെറ്റ് 6-2 നും നേടിയ നൊവാക് അമേരിക്കൻ താരത്തിന് ഒരവസരവും നൽകിയില്ല. തന്റെ കിരീടം നിലനിർത്താനുള്ള പ്രയാണത്തിൽ ഈ ഫോമിൽ നൊവാക്കിന്റെ മറികടക്കുക എതിരാളികൾക്ക് എളുപ്പം ആവില്ല എന്നുറപ്പാണ്. ഇന്ന് നേരത്തെ നടന്ന മൂന്നാം റൗണ്ട് മത്സരം ജയിച്ച സ്വിസ് താരം സ്റ്റാൻ വാവറിങ്കയാണ് നൊവാക്കിന്റെ നാലാം റൗണ്ട് എതിരാളി. ഇറ്റാലിയൻ താരം പ്ലാലോ ലോറൻസിയെ 6-4,7-6,7-6 എന്ന നേരിട്ടുള്ള സ്കോറിനാണ് സ്റ്റാൻ മറികടന്നത്. മുമ്പ് പലപ്പോഴും ഗ്രാന്റ്‌ സ്‌ലാം ഫൈനലുകളിൽ അടക്കം ഇരുവരും ഏറ്റുമുട്ടിയപ്പോൾ 24 ൽ 19 ജയിച്ച മുൻതൂക്കം സെർബിയൻ താരത്തിന് തന്നെയാണ്. എന്നാൽ 2015 ഫ്രഞ്ച് ഓപ്പൺ, 2016 യു.എസ് ഓപ്പൺ ഫൈനലുകളിൽ നൊവാക്കിനെ മറികടന്നു കിരീടം നേടിയ ഓർമ്മകളുമായി മത്സരത്തിനു എത്തുന്ന വാവറിങ്കയെ അത്ര എളുപ്പം എഴുതി തള്ളാൻ ആവില്ല എന്നതാണ് വസ്തുത.

അതേസമയം അഞ്ചാം സീഡും ബിഗ് 3 ക്കു ശേഷം കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന അഞ്ചാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവും യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. രാത്രി ഏറെ വൈകി നടന്ന മത്സരത്തിൽ സ്പാനിഷ് താരം ഫെർണാണ്ടോ ലോപ്പസിനെയാണ് റഷ്യൻ താരം മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ റഷ്യൻ താരത്തിന് എതിരെ രണ്ടാം സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റ് മറ്റൊരു ടൈബ്രേക്കറിലൂടെ നേടിയ മെദ്വദേവ് മത്സരത്തിൽ പിടിമുറുക്കി. നാലാം സെറ്റ് 6-4 നു നേടിയ റഷ്യൻ താരം നാലാം റൗണ്ടിലേക്ക് മുന്നേറി. 17 സീഡിനെ അട്ടിമറിച്ച് എത്തുന്ന ജർമ്മനിയുടെ ഡൊമനിക് കോഫർ ആണ് മെദ്വദേവിന്റെ നാലാം റൗണ്ട് എതിരാളി. യോഗ്യത മത്സരം കളിച്ച് യു.എസ് ഓപ്പണിൽ എത്തിയ കോഫർ 6-3,7-6,4-6,6-1 എന്ന സ്കോറിനാണ് മൂന്നാം റൗണ്ടിൽ ജയം കണ്ടത്. മെദ്വദേവിനു ബുദ്ധിമുട്ട് ഉണ്ടാക്കാൻ പോന്ന താരം തന്നെയാണ് ജർമ്മൻ താരം.