ലോകകപ്പ് ടീമിൽ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടത്തിന് പിന്നാലെ ലീറോയ്‌സാനെയുടെ കഷ്ടകാലം തുടരുന്നു. ഇന്നലെ ന്യൂ കാസിലിനെതിരെ 18 അംഗ ടീമിൽ പോലും ഈ ജർമ്മൻ വിങർക്ക് ഇടമില്ലായിരുന്നു.
പരിക്കാകും കാരണം എന്ന് പ്രതീക്ഷിച്ചവരെ തിരുത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള തന്നെ രംഗത്തെത്തി. സാനെയെ ടീമിൽ ഉൾപ്പെടുത്തുക എന്നത് അസാധ്യമായിരുന്നു എന്നാണ് പെപ്പ് പറഞ്ഞത്. സീസൺ തുടങ്ങിയത് മുതൽ ഫോമില്ലാതെ വിഷമിക്കുന്ന താരം വോൾവ്സിനെതിരെ പകരക്കാരനായി തീർത്തും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. താരത്തിന്റെ പ്രകടനത്തിലും സമീപനങ്ങളും ഗാർഡിയോളക്ക് പരിപൂർണ്ണ അതൃപ്തിയാണ് എന്നാണ് അറിയുന്നത്.
റഹീം സ്റ്റർലിംഗിന്റെ മിന്നും ഫോമും റിയാദ് മഹ്റസ് ടീമിൽ എത്തിയതും കഴിഞ്ഞ വർഷത്തെ മികച്ച യുവ താരമായ സാനെയുടെ സിറ്റി ഭാവി തന്നെ അവതാളത്തിലാക്കി. ബെർനാടോ സിൽവയും താരത്തിന്റെ അതേ പൊസിഷനിൽ കളിക്കാൻ പ്രാപ്തനാണ്.