ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ കൂടെ റോയ് ഹോഡ്സണെ കാണാൻ ആകും. പാട്രിക് വിയേരയ്ക്ക് പകരക്കാരനായി തൽക്കാല കരാറിൽ ക്രിസ്റ്റൽ പാലസിൽ എത്തിയ റോയ് ഹോഡ്സൺ അടുത്ത സീസണിലും ക്ലബിൽ തുടരും എന്നാണ് വാർത്തകൾ. അദ്ദേഹത്തിന് മുന്നിൽ ഒരു വർഷത്തെ കരാർ പാലസ് വെച്ചിട്ടുണ്ട്.
75കാരനായ റോയ് ഹോഡ്സൺ 2017 മുതൽ 2021 വരെ ക്രിസ്റ്റൽ പാലസ് പരിശീലകനായി ടച്ച് ലൈനിൽ ഉണ്ടായിരുന്നു. 2021ൽ വിരമിക്കൽ പ്രഖ്യാപിച്ചു എങ്കിലും ഒരു വർഷം മുമ്പ് വാറ്റ്ഫോർഡിന്റെ പരിശീലകനായി റോയ് തിരിച്ചുവരികയായിരുന്നു.
പാലസ് വിയേരയെ പുറത്താക്കിയതിന് പിന്നാലെ അവരെ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ആണ് റോയ് എത്തിയത്. ആ ദൗത്യം അദ്ദേഹം അനായാസം നിർവഹിക്കുകയും ചെയ്തു. 45 വർഷത്തോളമായി പരിശീലകനായി പ്രവർത്തിക്കുന്ന ആളാണ് ഹോഡ്സൺ.
തന്റെ 29ആം വയസ്സു മുതൽ പരിശീലകനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഹോഡ്സൺ. 75കാരനായ റോയ് ഹോഡ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കോച്ചാണ്. ഇന്റർ മിലാൻ, ലിവർപൂൾ, ഫുൾഹാം, ഉഡിനെസെ എന്ന് തുടങ്ങി യൂറോപ്പിലെ പല ക്ലബുകളെയും ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റ്, ഇംഗ്ലണ്ട് എന്നീ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.