റൊണാൾഡോ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു, ക്ലബിൽ തുടരുമെന്ന് ഇപ്പോഴും ഉറപ്പില്ല

Img 20220730 220715

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ ഒരുക്കങ്ങളിൽ നിന്നും ഇതുവരെ വിട്ടു നിന്നിരുന്ന റൊണാൾഡോ തിരിച്ചെത്തുന്നു. ടീമിന്റെ പരിശീലനത്തിലേക്ക് എത്തിയതായി റൊണാൾഡോ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നാളെ റയോ വയ്യക്കാനോയുമായിട്ടുള്ള പരിശീലന മത്സരത്തിൽ റൊണാൾഡോയും ഉൾപ്പെടും. എറിക് റ്റെൻ ഹാഗിന് കീഴിൽ റൊണാൾഡോയുടെ ആദ്യ മത്സരം ആവും ഇത്. റ്റെൻ ഹാഗ് റൊണാൾഡോയെ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് ആരാധകരും ഉറ്റു നോക്കുന്നുണ്ട്.

നേരത്തെ റൊണാൾഡോ പുതിയ തട്ടകം തേടുന്നതായി സൂചനകൾ ഉണ്ടായിരുന്നു. എങ്കിലും താരം മാഞ്ചസ്റ്ററിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. റൊണാൾഡോ ടീമിൽ തുടരുമെന്ന പ്രതീക്ഷയാണ് റ്റെൻ ഹാഗും പങ്കുവെച്ചിരുന്നത്. ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിട്ടിരുന്ന യുണൈറ്റഡ് നാളെ തന്നെ അടുത്ത പരിശീലന മത്സരത്തിന് ഇറങ്ങുകയാണ്. ഇന്നിറങ്ങിയ ഭൂരിഭാഗം താരങ്ങൾക്കും വിശ്രമം അനുവദിച്ചാവും നാളെ റ്റെൻ ഹാഗ് ടീം ഇറക്കുക. ഇന്ന് നടന്ന മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ ഗോളിൽ യുണൈറ്റഡ് തോൽവി ഏറ്റു വാങ്ങിയിരുന്നു.