ആരാധകരോടും ക്ലബിനോടും മാപ്പ് പറഞ്ഞ് ലുകാകു

Staff Reporter

Lukaku Tuchel Chelsea

വിവാദ അഭിമുഖത്തിന് പിന്നാലെ ചെൽസിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ചെൽസി സ്‌ട്രൈക്കർ റൊമേലു ലുകാകു. കഴിഞ്ഞ ദിവസം സ്കൈ ഇറ്റലിക്ക് താരം നൽകിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ലിവർപൂളിനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിനുള്ള ചെൽസി ടീമിൽ നിന്ന് ലുകാകുവിനെ പുറത്തിരുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ചെൽസി ക്ലബ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട അഭിമുഖത്തിൽ ലുകാകു ക്ലബിനോടും ആരാധകരോടും മാപ്പ് പറഞ്ഞത്.

താൻ പറഞ്ഞ കാര്യത്തിൽ വ്യക്തത കുറഞ്ഞത്കൊണ്ടാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്നും ലുകാകു പറഞ്ഞു. തന്റെ കൗമാരപ്രായം മുതൽ തനിക്ക് ചെൽസിയുമായി നല്ല ബന്ധമാണെന്നും ആരാധകർ നിരാശപ്പെടാനുള്ള കാരണം തനിക്ക് അറിയാമെന്നും ലുകാകു പറഞ്ഞു. കളത്തിൽ ഇറങ്ങി ചെൽസിക്ക് വേണ്ടി കൂടുതൽ ഗോളുകൾ നേടി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാൻ താൻ ശ്രമിക്കുമെന്നും ലുകാകു പറഞ്ഞു. ഇന്ന് ടോട്ടൻഹാമിനെതിരെ നടക്കുന്ന കാരബാവോ കപ്പ് മത്സരത്തിൽ ചെൽസിക്ക് വേണ്ടി ലുകാകു കളിക്കുമെന്നാണ് കരുതപ്പെടുന്നത്.