ഗോൾ ക്ഷാമം തീർത്ത് റിച്ചാർലിസൺ, എവർട്ടന് ജയം

- Advertisement -

ഹോം ഗ്രൗണ്ടിലെ കരുത്ത് നിലനിർത്തിയ എവർട്ടൻ പ്രീമിയർ ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. വോൾവ്സിനെ 3-2 ന് മറികടന്നാണ് മാർക്കോസ് സിൽവയുടെ ടീം ലീഗ് ടേബിളിൽ 7 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്. 3 പോയിന്റ് മാത്രമുള്ള വോൾവ്സ് ലീഗിൽ 17 ആം സ്ഥാനത്താണ്. റിച്ചാർലിസൺ നേടിയ ഇരട്ട ഗോളുകളാണ് മത്സര ഫലത്തിൽ നിർണായകമായത്.

പന്ത്രണ്ട് മിനിട്ടിനുള്ളിൽ മൂന്ന് ഗോളുകളാണ് ആദ്യ പകുതിയിൽ പിറന്നത്. അഞ്ചാം മിനുട്ടിൽ വോൾവ്സ് ഗോളിയുടെ പിഴവിൽ നിന്ന് മോയിസ് കീൻ നൽകിയ പാസിൽ നിന്ന് റിച്ചാർലിസൺ നേടിയ ഗോളിന് എവർട്ടൻ ലീഡ് എടുത്തെങ്കിലും 9 ആം മിനുട്ടിൽ സൈസ് വോൾവ്സിനെ ഒപ്പമെത്തിച്ചു. പക്ഷെ 12 ആം മിനുട്ടിൽ സിഗർസന്റെ പാസിൽ നിന്ന് ഇവോബി ഹെഡറിലൂടെ എവർട്ടന്റെ ലീഡ് പുനസ്ഥാപിച്ചു.

രണ്ടാം പകുതിയിൽ തുടർച്ചയായി സമനില ഗോളിന് ശ്രമിച്ച വോൾവ്സിന് 74 ആം മിനുട്ടിൽ ഫലം ലഭിച്ചു. ലോങ് ത്രോയിലൂടെ ലഭിച്ച അവസരം മുതലാക്കി റൗൾ ഹിമനസ് ആണ് ഹെഡറിലൂടെ സ്കോർ 2-2 ആക്കിയത്. ഗോൾ വഴങ്ങിയതോടെ കാൽവർട്ട് ലെവിൻ, ബർണാഡ് എന്നിവരെ എവർട്ടൻ കളത്തിൽ ഇറക്കി. പക്ഷെ 80 ആം മിനുട്ടിൽ ഡിനെയുടെ ക്രോസ് മികച്ച ഹെഡറിലൂടെ റിച്ചാർലിസൺ വലയിലാക്കിയതോടെ എവർട്ടൻ ലീഡ് തിരിച്ചു പിടിച്ചു. പിന്നീടും റിച്ചാർലിസൻ, മിന എന്നിവരുടെ ശ്രമങ്ങൾ പാട്രിസിയോ തട്ടി മാറ്റിയത് വോൾവ്സിന് രക്ഷയായി. കളി തീരാൻ സെക്കന്റുകൾ മാത്രമുള്ളപ്പോൾ ബോളി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വോൾവ്സിന് മറ്റൊരു തിരിച്ചടിയായി.

Advertisement