ഇന്നലെ നടന്ന ചെൽസി – ലിവർപൂൾ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആവേശത്തിനും പോരാട്ട വീര്യത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് പിന്നിലേക്ക് പോയ ചെൽസി എന്നാൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില കരസ്ഥമാക്കുകയായിരുന്നു. എന്നാൽ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ചെൽസി മാനേജർ തോമസ് ടൂഹലും ക്യാപ്റ്റൻ അസ്പ്ലിക്വേറ്റയും.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെയാണ് വിവാദപരമായ തീരുമാനം ആന്തണി ടൈലർ എടുത്തത്. പതിനഞ്ചാം സെക്കന്റിൽ അസ്പ്ലിക്വേറ്റയെ കൈ കൊണ്ട് മുഖത്തു ഇടിച്ച മാനേക്ക് റെഡ് കാർഡ് കൊടുക്കാത്തത് ആണ് ചെൽസി മാനേജരെയും ക്യാപ്റ്റനെയും ചൊടിപ്പിപ്പിച്ചിരിക്കുന്നത്. മാനേക്ക് റെഡ് കാർഡ് കൊടുത്തിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു എന്ന് ഇവർ പറയുന്നു. എന്നാൽ റഫറി ആന്തണി ടൈലർ മാനേക്ക് മഞ്ഞ കാർഡ് നൽകുകയായിരുന്നു.
“മത്സരം തുടങ്ങി അഞ്ച് സെക്കന്റ് ആണെകിൽ പോലും റെഡ് കാർഡ് നൽകേണ്ട ഫൗൾ ആണെങ്കിൽ റെഡ് കാർഡ് നൽകുക തന്നെ വേണം, വ്യക്തമായ ഫൗൾ ആയിരുന്നു അത്” – അസ്പ്ലിക്വേറ്റ പറഞ്ഞു. സമാനമായ അഭിപ്രായം ആയിരുന്നു ട്യുഷലും പങ്കു വെച്ചത്. അസ്പ്ലിക്വേറ്റക്ക് എതിരായ ഫൗൾ വാർ ചെക് ചെയുക പോലും ചെയ്തില്ല എന്ന് ടൂഹൽ പറഞ്ഞു.
സീസണിൽ ആദ്യം ലിവർപൂളും ചെൽസിയും ഏറ്റുമുട്ടിയപ്പോൾ ആന്തണി ടൈലർ തന്നെയായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. ആ മത്സരത്തിൽ ചെൽസി താരം റീസ് ജെയിംസിന് റെഡ് കാർഡ് കൊടുത്തതും അസ്പ്ലിക്വേറ്റ എടുത്തു പറഞ്ഞിരുന്നു.