ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം റെക്കോർഡ് തുകക്ക് പരാഗ്വ ഫോർവേഡിനെ സ്വന്തമാക്കി ന്യൂ കാസിൽ. മേജർ സോക്കർ ലീഗിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ താരമായ മിഖേൽ അൽമിറോണിനെയാണ് ന്യൂ കാസിൽ ക്ലബ് റെക്കോർഡ് തുകയായ 21 മില്യൺ പൗണ്ട് കൊടുത്ത് സ്വന്തമാക്കിയത്. നേരത്തെ 2005ൽ മൈക്കിൾ ഒവനെ സ്വന്തമാക്കാൻ നൽകിയ 16.5 മില്യൺ പൗണ്ട് ആയിരുന്നു ഇതുവരെയുള്ള ന്യൂ കാസിലിന്റെ റെക്കോർഡ് സൈനിങ്.
അഞ്ചര വർഷത്തെ കരാറിലാണ് അൽമിറോൺ ന്യൂ കാസിലിൽ എത്തുന്നത്. കരാർ പ്രകാരം 2024 വരെ അൽമിറോൺ ന്യൂ കാസിലിൽ ഉണ്ടാവും. 2018 സീസണിൽ അറ്റ്ലാന്റക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ ന്യൂ കാസിലിൽ എത്തിച്ചത്. അറ്റ്ലാന്റക്ക് വേണ്ടി 62 മത്സരങ്ങൾ കളിച്ച അൽമിറോൺ 21 ഗോളുകളും നേടിയിട്ടുണ്ട്.
അൽമിറോണെ കൂടാതെ മൊണാകോ ലെഫ്റ്റ് ബാക് അന്റോണിയോ ബറാക്കെയെയും ലോണിൽ ന്യൂ കാസിൽ ഇന്ന് സ്വന്തമാക്കിയിരുന്നു. സീസണിന്റെ അവസാനം വരെയാണ് താരത്തിന്റെ ലോൺ കാലാവധി. റെലെഗേഷൻ ഭീഷണി നേരിടുന്ന ന്യൂ കാസിലിന് താരങ്ങളുടെ വരവ് ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്.