ആഴ്സണൽ ജേഴ്സിയിൽ ഇനി റാംസി ഇല്ല

Newsroom

ആഴ്സണൽ മിഡ്ഫീൽഡറായ ആരോൺ റാംസിയെ ഇനി ആഴ്സണൽ ജേഴ്സിയിൽ കാണില്ല എന്ന് ഉറപ്പായി. ക്ലബും താരവും ഇത് വ്യക്തമാക്കി. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിനിടെ ഏറ്റ പരിക്കാണ് റാംസിക്ക് തിരിച്ചടി ആയത്. മസിലിനു പരിക്കേറ്റ റാംസിക്ക് ഈ സീസൺ അവസാനം വരെ തിരിച്ചുവരാൻ ആകില്ല എന്ന് ഉറപ്പായതോടെയാണ് ക്ലബും താരവും വിശദീകരണവുമായി എത്തിയത്.

ഇറ്റാലിയൻ ക്ലബായ യുവന്റസ് ഫ്രീ‌ ട്രാൻസ്ഫറിലൂടെ റാംസിയെ നേരത്തെ സ്വന്തമാക്കിയിരുന്നു. നാലു വർഷത്തേക്കാണ് വെയിൽസ് താരം യുവന്റസിൽ കരാർ ഒപ്പുവെച്ചത്. അടുത്ത സീസൺ ആരംഭം മുതൽ റാംസി യുവന്റസിനൊപ്പം ചേരും. 2008 മുതൽ ആഴ്സണലിൽ ഉള്ള റാംസി ഗണ്ണേഴ്സിനായി 350ൽ ഏറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡും നേടിയ താരമാണ് റാംസി.

തനിക്ക് ആഴ്സണൽ നൽകിയ എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ അടിതട്ടിൽ നിന്ന് നന്ദി പറയുന്നു എന്ന് റാംസി പറഞ്ഞു.