ശിഷ്യനെ പുറത്താക്കിയ ഗുരുവും, ഗുരുവിനെ പുറത്താക്കിയ ശിഷ്യനും, റാനിയേരിയുടെ ഫുൾഹാം കഥ

മോശം പ്രകടനത്തിന്റെ പേരിൽ ഇന്നലെയാണ് ക്ലോഡിയോ റാനിയേരിയെ ഫുൾഹാം മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. വെറും 106 ദിവസം മാത്രമേ റാനിയേരിയുടെ ഫുൾഹാം ജോലി നീണ്ടു നിന്നുള്ളൂ. വളരെ രസകരവും പ്രത്യേകതയും നിറഞ്ഞതായിരുന്നു ഫുൾഹാമിലേക്കുള്ള റാനിയേരിയുടെ പ്രവേശനവും പുറത്താവലും.

നംവബറിൽ റാനിയേരി ഫുൾഹാമിന്റെ മാനേജർ ചുമതലയേറ്റെടുത്ത് സ്ലാവിസ്യ ഹൊകനോവിച്ചിന് പകരമായിട്ടായിരുന്നു. ഇതിൽ പ്രത്യേകത എന്തെന്നല്ലേ, 2000 മുതൽ 2004 വരെ ചെൽസിയുടെ മാനേജർ ആയിരുന്നു റാനിയേരി, ചെൽസി മാനേജർ ആയിരുന്ന സമയത്ത് ചെൽസിക്ക് വേണ്ടിയുള്ള തന്റെ ആദ്യത്തെ സൈനിങ്‌ ആയിരുന്നു സ്ലാവിസ്യ ഹൊകനോവിച്ച്. ഡിപാർട്ടീവോ ലൊ കൊരുണയിൽ നിന്നുമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്ന സ്ലാവിസ്യയെ റാനിയേരി ചെൽസിയിൽ എത്തിച്ചത്. താന്‍ ചെല്‍സിയില്‍ എത്തിച്ച ആദ്യത്തെ താരത്തെ പുറത്താക്കിയാണ് റാനിയേരി ഫുള്‍ഹാമില്‍ എത്തിയത്.

ഇന്നലെ റാനിയേരിയെ പുറത്താക്കി ടീമിന്റെ ചുമതല ഷാഹിദ് ഖാൻ ഏൽപ്പിച്ചത് മുൻ താരം സ്‌കോട്ട് പാർക്കറിനെ ആയിരുന്നു. 2004ൽ റാനിയേരി ചെൽസി വിടുമ്പോൾ, അവസാനമായി ടീമിൽ എത്തിച്ചത് സ്‌കോട്ട് പാർക്കറിനെ ആയിരുന്നു. മിഡ്ഫീൽഡർ ആയ സ്‌കോട്ട് പാർക്കറിനെ ചാൾട്ടണിൽ നിന്നുമായിരുന്നു റാനിയേരി ടീമിൽ എത്തിച്ചത്. ഫുൾഹാമിൽ നിന്നും പോവുമ്പോൾ, തനിക്ക് പകരമായി വരുന്നത് തന്റെ മുൻ ശിഷ്യനും.

Previous articleലിവർപൂൾ ആരാധകനെ ആക്രമിച്ച റോമ ആരാധകന് ഇനി ജയിൽവാസം
Next articleജോബി ജസ്റ്റിനായി ലക്ഷങ്ങളുടെ വലയെറിഞ്ഞ് എ ടി കെ കൊൽക്കത്ത