പ്രോജക്ട് ബിഗ് പിക്ച്ചർ പ്രീമിയർ ലീഗിനെ ബുണ്ടസ് ലീഗയോ, സീരി എയോ പോലെ വിരസമാക്കിയേനെ എന്നു സൗത്താപ്റ്റൻ പരിശീലകൻ

20201017 065947
- Advertisement -

പ്രോജക്ട് ബിഗ് പിക്ച്ചർ പ്രീമിയർ ലീഗിനെ ബുണ്ടസ് ലീഗയോ, സീരി എയോ പോലെ വിരസമാക്കിയേനെ എന്നു അഭിപ്രായപ്പെട്ടു സൗത്താപ്റ്റൻ പരിശീലകൻ റാൽഫ് ഹസൻ‌ഹട്ടൽ. പ്രോജക്ട് ബിഗ് പിക്ച്ചർ ചെറിയ കാലഘട്ടം മാത്രം ലക്ഷ്യം വെച്ച് ഉണ്ടാക്കിയത് ആണെന്ന് വിമർശിച്ച റാൽഫ് പദ്ധതിക്ക് ദീർഘവീക്ഷണം ഇല്ലെന്നും നിരീക്ഷിച്ചു. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ പ്രവചിക്കാൻ ആവാത്ത സ്വഭാവത്തെയും ഭംഗിയെയും ഈ പദ്ധതി തകർക്കും എന്നു അഭിപ്രായപ്പെട്ട റാൽഫ് പദ്ധതി പ്രീമിയർ ലീഗ് ജേതാക്കളുടെ എണ്ണം കുറക്കും എന്ന ഭയവും പ്രകടിപ്പിച്ചു. 2016 ൽ ലെസ്റ്റർ സിറ്റി കിരീടം നേടിയ പോലെയുള്ള അത്ഭുതങ്ങൾ ഈ പദ്ധതി തകർക്കും എന്നു ഭയക്കുന്നത് ആയി പറഞ്ഞ റാൽഫ്‌ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിച്ച്, സീരി എയിൽ യുവന്റസ് എന്ന പോലെ ഒരേ ജേതാവ് ദീർഘകാലം ഇംഗ്ലീഷ് ജേതാവ് ആവാനും ഇത് വഴി വച്ചേക്കും എന്നും നിരീക്ഷിച്ചു. തനിക്ക് അത്തരം ഒരു ലീഗ് വളരെ വിരസം ആണെന്ന് മുൻ ആർ.ബി ലെപ്സിഗ്‌, ഹോഫൻഹെയിം പരിശീലകൻ പറഞ്ഞു.

ഓരോ രണ്ടോ മൂന്നോ കൊല്ലത്തിനും ഇടയിൽ പുതിയ ജേതാവ് ഉണ്ടാവുന്ന, ആസ്റ്റൻ വില്ല ലിവർപൂളിനെ 7-2 തകർക്കുന്ന പോലൊരു ഫലം ഉണ്ടാകുന്ന ഇംഗ്ലീഷ് ഫുട്‌ബോളിന്റെ മത്സരങ്ങളിലെ കടുപ്പം ആണ് അതിനെ വ്യത്യസ്തമാക്കുന്നത് എന്നു നിരീക്ഷിച്ച റാൽഫ്‌ അതാണ് പ്രീമിയർ ലീഗിന് ഇത്രയും ആരാധകർ എന്നും പറഞ്ഞു. അതിനാൽ തന്നെ പുതിയ മാറ്റം ഇത്തരത്തിലുള്ളവയെ തകർക്കുന്ന ഒന്നും ലെസ്റ്റർ സിറ്റി പോലൊരു അത്ഭുതം ഈ മാറ്റങ്ങൾ ഉണ്ടായാൽ ഉണ്ടാവില്ല എന്നും റാൽഫ് നിരീക്ഷിച്ചു. അൽപ്പകാലത്തെ പണത്തിനോ, മുൻതൂക്കത്തിനോ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭംഗി നശിപ്പിക്കരുത് എന്നാവശ്യപ്പെട്ട റാൽഫ്‌ പ്രോജക്ട് ബിഗ് പിക്ച്ചർ പ്രീമിയർ ലീഗ് നിരസിച്ചതിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല എന്നും പറഞ്ഞു. ആരാധകരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ വലിയ പിന്തുണ ഇല്ലാത്തതിനാൽ തന്നെ ഇത് നിരസിക്കും എന്നത് ഏതാണ്ട് ഉറപ്പ് ആയിരുന്നു എന്നാണ് റാൽഫ്‌ കൂട്ടിച്ചേർത്തത്.

Advertisement