പ്രീസീസൺ ക്ഷീണത്തിന് ഇടയിലും മാഞ്ചസ്റ്ററിന്റെ പ്രതീക്ഷയായി പെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ സീസണ് മുന്നോട്ടേക്ക് നോക്കുന്നത് ഭയത്തോടെ മാത്രമാണ്. ഇതുവരെ ആയി ക്ലബ് വിഷമിക്കുന്ന പല പൊസിഷനിലും പുതിയ കളിക്കാരെ എത്തിക്കാൻ ആയിട്ടില്ല, ലോകകപ്പിൽ കളിച്ച ഭൂരിഭാഗം പേരും സീസൺ തുടക്കത്തിൽ ക്ലബിനൊപ്പം ഉണ്ടാകില്ല, മാർഷ്യൽ ക്ലബ് വിടുമെന്ന് സൂചന നൽകുന്നു തുടങ്ങി നൂറുകണക്കിന് പ്രശ്നങ്ങളാണ് മാഞ്ചസ്റ്ററിൽ. പ്രീസീസണിൽ മോശ പ്രകടനം വേറെയും. ഇതിന്റെ ഒക്കെ ഇടയിലും യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പേരാണ് ആൻഡ്രിയസ് പെരേര.

ബ്രസീലിൽ നിന്നുള്ള യുവതാരം. വർഷങ്ങളായി യുണൈറ്റഡിനു കൂടെയുള്ള പെരേരയ്ക്ക് ഈ സീസണാകും വഴിത്തിരിവായി മാറാൻ പോകുന്നത്. ഈ പ്രീസീസണിൽ യുണൈറ്റഡ് മധ്യനിരയിൽ ഇറങ്ങിയ പെരേര ഇതുവരെ എല്ലാ താരങ്ങളെക്കാളും മികച്ചു നിന്നു. ഇന്ന് ലിവർപൂളിനെതിരെ നേടിയ ഗംഭീര ഫ്രീകിക്ക് ഗോൾ തന്റെ പ്രകടനത്തിന് പെരേര അടിവരയിട്ടതാണ്. ഫ്രെഡും പോഗ്ബയും ഹെരേരയും മാറ്റിച്ചും ഒക്കെ ഉള്ള മധ്യനിരയിൽ മൗറീനോ പെരേരയെ ഇറക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി ആണ് എങ്കിലും യുണൈറ്റഡിൽ കളിക്കേണ്ട മികവ് തനിക്ക് ഉണ്ട് എന്ന് പെരേര കാണിച്ചു തരുന്നുണ്ട്.

ഈ സീസണിൽ ക്ലബ് വിട്ട് ലോണിൽ പോകില്ല എന്ന് പെരേര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ സ്പാനിശ് ക്ലബായ വലൻസിയയിൽ ലോണിൽ കളിച്ച താരം അവിടെ കയ്യടി നേടിയിരുന്നു. 2020 വരെ തനിക്ക് ഓൾഡ്ട്രാഫോർഡിൽ കരാറുണ്ട്. അത്രയും കാലം യുണൈറ്റഡിൽ തന്നെ നിന്ന് അവിടെ തന്നെ തന്റെ കരിയറിന്റെ ഉയർച്ചയിൽ എത്തുകയാണ് ആഗ്രഹം എന്നും പെരേര നേരത്തെ പറഞ്ഞിരുന്നു.

മാറ്റിച്ചിന്റെ പരിക്കും പോഗ്ബ ടീമിനൊപ്പം എത്താൻ താമസിക്കും എന്നതും സീസൺ തുടക്കത്തിൽ പെരേരയ്ക്ക് യുണൈറ്റഡ് ആദ്യ ഇലവനിൽ അവസരം കിട്ടാൻ കാരണമാകും. ആ അവസരം പെരേര മുതലെടുക്കും എന്നും മൊറീനോയുടെ വിശ്വാസം നേടിയെടുക്കും എന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement