പോട്ടറാശാനും ബ്രൈറ്റണും അവസാനം വിജയ വഴിയിൽ!!

Roshan

നീണ്ട മൂന്നു മാസത്തിനും പന്ത്രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്കും ശേഷം ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ വിജയ വഴിയിൽ തിരിച്ചെത്തി. ലിയനാഡ്രോ ട്രൊസാർഡും നീൽ മൗപെയും ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളുടെ മികവിലാണ് ബ്രൈറ്റൺ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിന്റെ തോൽപ്പിച്ചത്. വിജയത്തോടെ ബ്രൈറ്റൺ പ്രീമിയർ ലീഗ് ടേബിളിൽ ആദ്യ പത്തിൽ തിരിച്ചെത്തി.

32ആം മിനിറ്റിൽ ലിയനാഡ്രോ ട്രൊസാർഡിന്റെ മികച്ചൊരു വോളിയിൽ പിറന്ന ഗോളിലൂടെയാണ് ബ്രൈറ്റൺ മത്സരത്തിൽ ലീഡ് എടുത്തത്. തുടർന്ന് എട്ടു മിനിട്ടിനു ശേഷം 42ആം മിനിറ്റിൽ മൗപേ ഒന്നാന്തരം ഒരു ഷോട്ടിലൂടെ പന്തിന്റെ ടോപ് കോര്ണറിലേക്ക് അടിച്ചു വിട്ടു ബ്രൈറ്റണിന്റെ ലീഡ് ഇരട്ടിയാക്കി ടീമിന്റെ വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ തിരിച്ചു വരവിനു ശ്രമിച്ച ബ്രെന്റ്ഫോർഡിനു തിരിച്ചടിയായി ബ്രൈറ്റൺ ഗോൾ കീപ്പർ റോബർട്ടോ സാഞ്ചസ് നിലകൊണ്ടു. ഗോളെന്നുറച്ച രണ്ടു ഷോട്ടുകൾ ആയിരുന്നു സാഞ്ചസ് തട്ടിയകറ്റിയത്. അതെ സമയം മികച്ചൊരു ഗോൾ ലൈൻ സേവുമായി ഡിഫൻഡർ കുകുറേലയും ബ്രൈറ്റണിന്റെ രക്ഷക്കെത്തി.

മത്സരം തുടങ്ങുമ്പോൾ ഇരു ടീമുകൾക്കും 16 മത്സരങ്ങളിൽ നിന്നും 20 പോയിന്റ് വീതമായിരുന്നു ഉണ്ടായിരുന്നത്. വിജയത്തോടെ ബ്രൈറ്റൻ 23 പോയിന്റോടെ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബ്രെന്റ്ഫോഡ് 13ആം സ്ഥാനത്താണ്. സെപ്റ്റംബർ 19നു ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ശേഷം ആദ്യമായാണ് ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ഒരു മത്സരം വിജയിക്കുന്നത്.