പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരിൽ ആഴ്സണലിന് വിജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആഴ്സണൽ ചാമ്പ്യന്മാരായ ലിവർപൂളിനെ വീഴ്ത്തിയത്. ലിവർപൂളിന്റെ റെക്കോർഡ് പോയന്റ് എന്ന ലക്ഷ്യമാണ് ഈ പരാജയത്തോടെ നഷ്ടമായത്. രണ്ട് ഡിഫൻസീവ് അബദ്ധങ്ങളാണ് ലിവർപൂളിന് ക്ഷീണമായത്.
മത്സരത്തിൽ ഇരുപതാം മിനുട്ടിൽ മാനെയിലൂടെ ലിവർപൂൾ ലീഡ് എടുത്തിരുന്നു. റോബേർട്സന്റെ പാസിൽ നിന്നായിരുന്നു മാനെയുടെ ഗോൾ. അതിനു പിന്നാലെയാണ് ലിവർപൂൾ ഡിഫൻസ് തകർന്നത്. 32ആം മിനുട്ടിൽ വാൻ ഡൈകിന്റെ ബാക്ക് പാസ് കൈക്കലാക്കി ലകാസറ്റെ ആഴ്സണലിന് സമനില നേടിക്കൊടുത്തു. പിന്നാലെ അലിസന്റെ ഒരു അബദ്ധം മുതലെടുത്ത ആഴ്സണൽ അറ്റാക്ക് ലീഡും നേടി.
ലകാസറ്റെയുടെ പാസിൽ നിന്ന് നെൽസണായിരുന്നു ആഴ്സണലിന്റെ രണ്ടാം ഗോൾ നേടിയത്. 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 93 പോയന്റുള്ള ലിവർപൂളിന് ഇനി രണ്ട് മത്സരങ്ങളും ജയിച്ചാലും 100 പോയന്റിൽ എത്തില്ല. വിജയിച്ച ആഴ്സണലിന് 36 മത്സരത്തിൽ 53 പോയന്റാണ് ഉള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ആഴ്സണൽ യൂറോപ്പ് ലീഗ് യോഗ്യത എങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ്.