പോഗ്ബൂം!! ചുവന്ന ചെകുത്താന്മാർ വീണ്ടും ലീഗിന്റെ തലപ്പത്ത്

20210121 032912
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ക്ലാസിക് തിരിച്ചുവരവ് കൂടെ. എവേ ഗ്രൗണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച പ്രകടനം ഒരിക്കൽ കൂടെ കാണാൻ ആയ മത്സരത്തിൽ ഫുൾഹാമിനെ ആണ് യുണൈറ്റഡ് തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതികൊണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.

എവേ മത്സരങ്ങളിൽ ഗോൾ വഴങ്ങി കൊണ്ട് തുടങ്ങുന്ന പതിവ് മാറ്റാതെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും തുടങ്ങിയത്. അഞ്ചാം മിനുട്ടിൽ തന്നെ ഫുൾഹാം ഇന്ന് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫ് സൈഡ് ലൈൻ മറികടന്ന് ലൂക്മാൻ ആണ് മനോഹര ഫിനിഷിലൂടെ ഫുൾഹാമിനെ മുന്നിൽ എത്തിച്ചത്. ഈ ഗോൾ വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണർന്നു. 21ആം മിനുട്ടിൽ ബ്രൂണോയുടെ ഇടം കാലൻ സ്ട്രൈക്ക് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷെ തളരാതെ പൊരുതിയ ബ്രൂണൊ സെക്കൻഡുകൾക്ക് അകം ഒരു ക്രോസിലൂടെ കവാനിയെ കണ്ടെത്തി. കവാനി അനായസമായി പന്ത് വലയിൽ എത്തിച്ച് യുണൈറ്റഡിന് സമനില നൽകി.

മത്സരം രണ്ടാം പകുതിയിൽ എത്തൊയപ്പോൾ ആണ് യുണൈറ്റഡിന് ലീഡ് എടുക്കാൻ ആയത്. 65ആം മിനുട്ടിൽ ആയിരുന്നു ആ ഗംഭീര നിമിഷം വന്നത്. വലതു വിങ്ങിൽ പന്തുമായി ഫുൾഹാം താരങ്ങളെ ഡ്രിബിൾ ചെയ്ത് നീങ്ങിയ പോഗ്ബ ദുഷ്കരമായ ആങ്കിളിൽ നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്ക് എടുത്തു. എതിരാളികൾ പോലും നോക്കി നിന്നു പോയ സുന്ദരൻ കേർലർ വലയിൽ തുളഞ്ഞു കയറി. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡിലും എത്തി.

ഇതിനു ശേഷം ലീഡ് ഇരട്ടിയാക്കാൻ കവാനിക്ക് അവസരം കിട്ടി എങ്കിലും ഫുൾഹാം കീപ്പർ അരിയോളയുടെ സേവ് ഫുൾഹാമിനെ രക്ഷിച്ചു. മറുവശത്ത് 74ആം മിനുട്ടിൽ ഫുൾഹാമിനും അവസരം കിട്ടി. എന്നാൽ ലോഫ്റ്റസ് ചീകിന്റെ സ്ട്രൈക്ക് ഡി ഹിയ തടഞ്ഞു യുണൈറ്റഡിനെയും രക്ഷിച്ചു.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് എത്തിച്ചു. 19 മത്സരങ്ങളിൽ 40 പോയിന്റാണ് യുണൈറ്റഡിന് ഉള്ളത്. 12 പോയിന്റുള്ള ഫുൾഹാം 18ആമത് നിൽക്കുകയാണ്.

Advertisement