ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒലെക്ക് കീഴിൽ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബയുടെ പ്രകടനമാണ് യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായത്.
അഞ്ചാം മിനിറ്റിൽ തന്നെ യുണൈറ്റഡ് അക്കൗണ്ട് തുറന്നിരുന്നു. റാഷ്ഫോഡ് നടത്തിയ മികച്ചൊരു നീക്കം പോഗ്ബയുടെ ടാപ്പ്ഇനിലൂടെ വലയിൽ എത്തി. തുടർന്ന് പോഗ്ബ തന്നെ 33ആം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. ഹെരേര നൽകിയ ക്രോസിന് ചാടി ഉയർന്നു ഹെഡ് ചെയ്ത പോഗ്ബ ഗോൾ നേടി. താമസിയാതെ ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. മർഷ്യലിന്റെ മനോഹരമായ ഒരു പാസിൽ കാൽ വെച്ചു റാഷ്ഫോഡ് ലീഡ് മൂന്നാക്കി ഉയർത്തി. എന്നാൽ ആദ്യ പകുതിയിൽ കളി തീരാൻ ഒരു മിനിറ്റ് നാഥൻ അകെയിലൂടെ ബേൺമൗത് ഒരു ഗോൾ മടക്കി. ആദ്യ പകുതിയിൽ 3-1 എന്നായിരുന്നു സ്‌കോർ നില.
രണ്ടാം പകുതിയിലും അക്രമിച്ചു കളിച്ച യുണൈറ്റഡ് 72ആം മിനിറ്റിൽ നാലാം ഗോൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കി. 70ആം മിനിറ്റിൽ റാഷ്ഫോഡിന് പകരം ഇറങ്ങിയ ലുക്കാകു ആണ് ഗോൾ നേടിയത്. പോഗ്ബയുടെ പാസിൽ നിന്നുമാണ് ഗോൾ പിറന്നത്. എന്നാൽ മികച്ച വിജയത്തിന് ഇടയിലും 79ആം മിനിറ്റിൽ എറിക് ഭായി റെഡ് കാർഡ് കണ്ടു പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. വിജയത്തോടെ യുണൈറ്റഡ് ആഴ്സണലിന് 3 പോയിന്റ് പുറകിൽ എത്തി. യുണൈറ്റഡിന് 35ഉം ആഴ്സണലിന് 38ഉം പോയിന്റ് ആണുള്ളത്.