കലം വിൽസന്റെ അതുഗ്രൻ സിസർ കിക്ക് ഗോളിൽ പാലസിനെ സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ

Screenshot 20211023 222304

സ്റ്റീവ് ബ്രൂസ് യുഗത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ സമനില നേടി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനത്ത് 75 ശതമാനം പന്ത് കൈവശം വച്ച് മികച്ച ആധിപത്യം മത്സരത്തിൽ കാണിച്ച ക്രിസ്റ്റൽ പാലസിനെ 1-1 നു ആണ് ന്യൂകാസ്റ്റിൽ സമനിലയിൽ തളച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ക്രിസ്റ്റൻ ബെൻന്റെക്കയിലൂടെയാണ് പാലസ് മത്സരത്തിൽ മുന്നിലെത്തിയത്. ടൈറിക് മിച്ചലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആയിരുന്നു ബെൽജിയം താരത്തിന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ഗോൾ.

ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച ന്യൂകാസ്റ്റിൽ 65 മിനിറ്റിൽ ഗോൾ തിരിച്ചടിച്ചു. എമിൽ ക്രാഫ്‌റ്റിന്റെ പാസിൽ നിന്നു അതുഗ്രൻ സിസർ കിക്കിലൂടെ കലം വിൽസൻ പാലസ് വല ഭേദിച്ചു. സീസണിൽ പരിക്ക് കാരണം പലപ്പോഴും പുറത്ത് ഇരുന്ന വിൽസന്റെ തിരിച്ചു വരവ് കൂടിയായി ഈ ഗോൾ. സമനിലയോടെ ഒമ്പത് കളികളിൽ നിന്നു നാലു പോയിന്റുകളും ആയി ന്യൂകാസ്റ്റിൽ 19 സ്ഥാനത്ത് തുടരുക തന്നെയാണ്. അതേസമയം സീസണിലെ ആറാം സമനില വഴങ്ങിയ പാലസ് ഒമ്പത് കളികളിൽ നിന്നു ഒമ്പത് പോയിന്റുകളും ആയി 15 സ്ഥാനത്ത് ആണ്.

Previous articleഇഞ്ച്വറി ടൈമിൽ പെനാൽട്ടി, ലീഡ്സ് പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു
Next articleഇരട്ടഗോളുകളും ആയി കോർണറ്റ്, സൗത്താപ്റ്റണിനെ സമനിലയിൽ തളച്ചു ബേർൺലി