ഇരട്ടഗോളുകളും ആയി കോർണറ്റ്, സൗത്താപ്റ്റണിനെ സമനിലയിൽ തളച്ചു ബേർൺലി

Screenshot 20211023 223053

സീസണിലെ മോശം പ്രകടനങ്ങൾക്ക് ഇടയിൽ ബേർൺലിക്ക് ആശ്വാസമായി സൗത്താപ്റ്റണിനെതിരെ സമനില. സെന്റ് മെരീസിൽ നടന്ന മത്സരത്തിൽ ആതിഥേയരെ 2-2 നു ആണ് ബേർൺലി സമനിലയിൽ തളച്ചത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അടക്കം സൗത്താപ്റ്റൺ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ബേർൺലി പിന്നിലായിരുന്നില്ല. ഇതിന്റെ ഫലം ആയിരുന്നു 13 മിനിറ്റിൽ ബേർൺലി നേടിയ ഗോൾ. മാത്യു ലൗറ്റന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മാക്‌സ്‌വൽ കോർണറ്റ് അവർക്ക് മത്സരത്തിൽ മുൻതൂക്കം നൽകുക ആയിരുന്നു. എന്നാൽ 41 മിനിറ്റിൽ റെഡ്മണ്ടിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ വലെന്റിനോ ലിവ്റമെന്റോ സൗത്താപ്റ്റണിനെ മത്സരത്തിൽ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ 50 മിനിറ്റിൽ തന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ഗോൾ കണ്ടത്തിയ അർമാണ്ടോ ബ്രോജ സൗത്താപ്റ്റണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ ഏഴു മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചു കൊണ്ടാണ് ബേർൺലി ഇതിനു മറുപടി പറഞ്ഞത്. ആഷ്‌ലി വെസ്റ്റ്വുഡിന്റെ പാസിൽ നിന്നു ഇടൻ കാലൻ വോളിയിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ കോർണറ്റ് ബേർൺലിക്ക് സമനില സമ്മാനിക്കുക ആയിരുന്നു. സമനിലയോടെ ഒമ്പത് കളികളിൽ നിന്നു 4 പോയിന്റുകളും ആയി ബേർൺലി 18 സ്ഥാനത്ത് തുടരുമ്പോൾ ഇത്ര തന്നെ കളികളിൽ നിന്നു 8 പോയിന്റുകൾ ഉള്ള സൗത്താപ്റ്റൺ ലീഗിൽ 16 സ്ഥാനത്ത് ആണ്.

Previous articleകലം വിൽസന്റെ അതുഗ്രൻ സിസർ കിക്ക് ഗോളിൽ പാലസിനെ സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ
Next articleസ്വീഡനിൽ ഇന്ത്യൻ ടീമിന് ഒരു തോൽവി കൂടെ