പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു തങ്ങളുടെ ഈ സീസണിലെ മൂന്നാം ജയം നേടി സൗത്താപ്റ്റൺ. സൗത്താപ്റ്റണിന്റെ തുടർച്ചയായ രണ്ടാം ജയം കൂടിയാണ് ഇത്. അതേസമയം തുടർച്ചയായ അഞ്ചാം മത്സരത്തിൽ ആണ് വില്ല പരാജയം നേരിടുന്നത്. സെന്റ് മേരീസിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ ആദം ആംസ്ട്രോങ് നേടിയ അതുഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെയാണ് ആതിഥേയർ മത്സരത്തിലെ വിജയഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് ലഭിച്ച അവസരം അതുഗ്രൻ ഇടൻ കാലൻ ഷോട്ടിലൂടെയാണ് താരം വലയിലാക്കിയത്.
ഗോൾ വഴങ്ങിയ ശേഷം സമനില ഗോൾ നേടാനുള്ള വില്ല ശ്രമങ്ങൾ എല്ലാം സൗത്താപ്റ്റൺ പ്രതിരോധിച്ചു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ സൗത്താപ്റ്റൺ ആണ് മുന്നിൽ എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് വില്ല ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വില്ല നടത്തിയ തുടർച്ചയായ ആക്രമണങ്ങൾ എല്ലാം സൗത്താപ്റ്റൺ പ്രതിരോധിച്ചു. ഇടക്ക് സൗത്താപ്റ്റൺ ആക്രമണത്തെ എമി മാർട്ടിനസും തടഞ്ഞു. ഒടുവിൽ സമനില നേടാനുള്ള വില്ല ശ്രമം പരാജയപ്പെട്ടപ്പോൾ സൗത്താപ്റ്റൺ വിലപ്പെട്ട ഒരു ജയം കൂടി സ്വന്തമാക്കി. നിലവിൽ സൗത്താപ്റ്റൺ പന്ത്രണ്ടാം സ്ഥാനത്തും വില്ല പതിനഞ്ചാം സ്ഥാനത്തും ആണ്.













