ഇംഗ്ലീഷ് ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള ക്ലബുകൾ രാത്രി പ്രീമിയർ ലീഗിൽ നേർക്കുനേർ വരും. ലീഗ് ചരിത്രത്തിൽ 203 മത്തെ പ്രാവശ്യമാണ് ആസ്റ്റൺ വില്ലയും എവർട്ടനും മുഖാമുഖം വരിക. ഇംഗ്ലീഷ് ലീഗ് ചരിത്രത്തിൽ തന്നെ വേറെ ക്ലബുകൾ ഇത്രയും പ്രാവശ്യം പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. അതിനാൽ തന്നെ ജയം എന്നത് ഇരു ക്ലബുകൾക്കും അഭിമാനപ്രശ്നം കൂടിയാകുന്നു. കളിച്ച ആദ്യ രണ്ട് കളികളും തോറ്റ വില്ല പ്രീമിയർ ലീഗിലേക്ക് തിരിച്ചുവന്ന ശേഷമുള്ള ആദ്യജയം ആവും ഇന്ന് വില്ല പാർക്കിൽ ലക്ഷ്യമിടുക. ഒപ്പം പ്രീമിയർ ലീഗിൽ കളിച്ച 20 മത്സരങ്ങളിലും തോൽവി വഴങ്ങിയ വില്ലയുടെ ക്യാപ്റ്റൻ ജാക്ക് ഗ്രീലീഷും ലക്ഷ്യം വക്കുക തന്റെ തോൽവിക്കഥ മായിക്കുക എന്നതാവും. ഗ്രീലിഷ്, മക്ലിൻ, ഡഗ്ലസ് ലൂയിസ് എന്നിവർ മുന്നേറ്റത്തിലും മധ്യനിരയിലും കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ള താരങ്ങൾ ആണ്. ഒപ്പം കഴിഞ്ഞ കളിയിൽ അബദ്ധം പിണഞ്ഞെങ്കിലും ഗോൾകീപ്പർ ടോം ഹീറ്റൺ നയിക്കുന്ന പ്രതിരോധം എവർട്ടനെ പിടിച്ചു കെട്ടാൻ കെൽപ്പുള്ളവർ ആണ്.
മറുവശത്ത് കഴിഞ്ഞ കളിയിൽ വാട്ട്ഫോർഡിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് മാർക്കോസ് സിൽവയുടെ ടീം ഇറങ്ങുക. ഗോൾ കീപ്പർ പിക്ഫോർഡ്, മിന, കീൻ തുടങ്ങിയവർ അടങ്ങിയ പ്രതിരോധത്തിൽ ഡിനി, ബെയിൻസ് തുടങ്ങിയവർ തിരിച്ചെത്തുക കൂടിയാകുമ്പോൾ എവർട്ടൻ പ്രതിരോധം ഭേദിക്കുക ആർക്കും അത്ര എളുപ്പമാവില്ല. മധ്യനിരയിൽ ആന്ദ്ര ഗോമസ്, സിഗൂസൻ തുടങ്ങിയവരുടെ പ്രതിഭയാവും കളി നിയന്ത്രിക്കുക. മുന്നേറ്റത്തിൽ ബ്രസീൽ താരങ്ങൾ ആയ റിച്ചാർലിസൻ, ബെർനാഡ് എന്നിവരെ പിടിച്ചു കെട്ടുക എന്നതാവും വില്ലക്കു മുന്നിലുള്ള ഏറ്റവും ശ്രമകരമായ പണി. ഒപ്പം കാൽവർട്ട് ലൂയിൻ, വാൾകോട്ട് എന്നിവരെയും ഉപയോഗിക്കാൻ സിൽവക്കു സാധിക്കും. രാത്രി ഇന്ത്യൻ സമയം 12.30 തിനാണ് ഈ മത്സരം നടക്കുക. മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാൻ സാധിക്കും.