പ്രീമിയർ ലീഗിൽ തന്റെ മുൻ പരിശീലകൻ ആയ ഹോസെ മൗറീന്യോക്ക് എതിരെ നേടിയ ജയം ഏത് മത്സര ജയവും പോലെ സാധാരണയായ ഒന്നാണ് എന്നു വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ. ഈ ജയത്തിൽ വലിയ പ്രാധാന്യം ഒന്നും കാണേണ്ട കാര്യമില്ല എന്നു വ്യക്തമാക്കിയ നുനോ വളരെ ബുദ്ധിമുട്ടുള്ള മത്സരം ആണ് തങ്ങൾ ജയിച്ചത് എന്നും വ്യക്തമാക്കി. 2 തവണ പിന്നിൽ നിന്ന ശേഷം ആണ് നുനോയുടെ ടീം മത്സരത്തിൽ ടോട്ടനത്തിന്റെ മൈതാനത്ത് 3-2 ന്റെ ജയം കണ്ടത്തിയത്.
വളരെ അധികം ശാരീരിക ക്ഷമത ആവശ്യപ്പെട്ട മത്സരം ആണ് ഇതെന്ന് വ്യക്തമാക്കിയ നുനോ തനിക്ക് മൗറീന്യോയോട് ഉള്ള ബഹുമാനവും തുറന്ന് പറഞ്ഞു. തനിക്ക് വലിയ ബഹുമാനം ഉള്ള മൗറീന്യോ പലപ്പോഴും പലതും പഠിക്കാനുള്ള പരിശീലകൻ ആണെന്നും വ്യക്തമാക്കി. ജയത്തോടെ മൗറീന്യോയുടെ ടോട്ടനത്തിനെ മറികടന്ന വോൾവ്സ് ആറാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ 28 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുകൾ വീതമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് ടീമുകൾ യഥാക്രമം അഞ്ചും ആറും സ്ഥാനത്ത് ആണ്. 40 പോയിന്റുകൾ ഉള്ള ടോട്ടനം ആവട്ടെ ഏഴാം സ്ഥാനത്തും. മുമ്പ് 2004 ൽ ചാമ്പ്യൻസ് ലീഗ് നേടിയ മൗറീന്യോയുടെ ടീമിലെ പകരക്കാരൻ ഗോൾ കീപ്പർ ആയിരുന്നു നുനോ.