പ്രീമിയർ ലീഗിൽ ആദ്യ ജയം നേടിയതിനു തൊട്ടു പിന്നാലെ പരിശീലകനെ പുറത്താക്കി നോർവിച്ച് സിറ്റി. സീസണിൽ മോശം ഫോമിലുള്ള നോർവിച്ച് ഇന്നാണ് ബ്രന്റ്ഫോർഡിന് എതിരെ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് ജയം നേടിയത്. എന്നാൽ 11 കളികളിൽ വെറും 5 പോയിന്റുകളുമായി 19 സ്ഥാനത്ത് ഉള്ള ടീമിന്റെ അവസ്ഥയാണ് പരിശീലകൻ ഡാനിയേൽ ഫാർകെയുടെ ജോലി തെറുപ്പിച്ചത്.
ചാമ്പ്യൻഷിപ്പിൽ നിന്നു സ്ഥാനക്കയറ്റം നേടി വന്നിട്ടും പ്രീമിയർ ലീഗിന് ഉതകുന്ന രീതിയിൽ കളി ശൈലി രൂപപ്പെടുത്താൻ ജർമ്മൻ പരിശീലകനു ആയില്ല എന്ന വിമർശനം ശക്തമായിരുന്നു. 2017 മുതൽ നോർവിച്ച് പരിശീലകൻ ആയിരുന്ന ഫാർകെ 2018-19 സീസണിലും ടീമിനെ പ്രീമിയർ ലീഗിൽ എത്തിച്ച ശേഷം തരം താഴ്ത്തൽ നേരിട്ടിരുന്നു. ഇത്തരം അവസ്ഥ ആവർത്തിക്കാതിരിക്കാൻ ആവണം നോർവിച്ച് ശ്രമം. എന്നാൽ പ്രീമിയർ ലീഗിൽ നിലനിൽക്കാൻ അത്ഭുതം വേണ്ടി വരുന്ന നോർവിച്ച് പരിശീലകനായി അടുത്തത് ആരു വരും എന്ന് കണ്ടറിയാം.