പെനാൽട്ടി പാഴാക്കി നീൽ മൗപെ, ബ്രൈറ്റന് വീണ്ടും ജയമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൻ ആന്റ് ഹോ ആൽബിയൻ, നോർവിച് സിറ്റി മത്സരം ഗോൾ രഹിത സമനിലയിൽ. ലീഗിൽ അവസാന സ്ഥാനക്കാർ ആയ നോർവിച് സിറ്റിക്ക് ഈ സമനില വലിയ തിരിച്ചടി തന്നെയാണ്. അതേസമയം തുടർച്ചയായ ആറു പരാജയങ്ങൾക്ക് ശേഷമാണ് ബ്രൈറ്റൻ ലീഗിൽ ഒരു സമനില നേടുന്നത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് ബ്രൈറ്റൻ പുലർത്തിയത്.

63 ശതമാനം പന്ത് കൈവശം വച്ച അവർ 31 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. എന്നാൽ ഒരവസരം പോലും ഗോൾ ആക്കാൻ ബ്രൈറ്റന് ആയില്ല. സാം ബ്രയാന്റെ ഹാന്റ് ബോളിന് 29 മത്തെ മിനിറ്റിൽ ബ്രൈറ്റന് പെനാൽട്ടി ലഭിച്ചു. എന്നാൽ മുന്നേറ്റ താരം നീൽ മൗപെയുടെ പെനാൽട്ടി ബാറിന് മുകളിലൂടെ പോവുക ആയിരുന്നു. നിലവിൽ ലീഗിൽ 13 സ്ഥാനത്ത് ആണ് ബ്രൈറ്റൻ. മത്സര ശേഷം ബ്രൈറ്റൻ ആരാധകർ കൂവലോടെയാണ് തങ്ങളുടെ ടീമിനെ സ്വീകരിച്ചത്.