പ്രിമിയർ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബ്രൈറ്റൺ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. ഒരു ഗോൾ പോലും മടക്കി നൽകാനാകാതെ റാൽഫ് റാഗ്നിക്കിന്റെ ചുവന്ന ചെകുത്താന്മാർ നാണംകെട്ട് അമെക്സ് സ്റ്റേഡിയത്തിൽ നിന്നും മടങ്ങി. ബ്രൈറ്റണ് വേണ്ടി കയ്സെടോ,കുകുരെല,പാക്സൽ ഗ്രോബ്,ലിയഡ്രോ ട്രോസർഡ് എന്നിവർ ഗോളടിച്ചു.
കളിയുടെ പതിനഞ്ചാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ ബ്രൈറ്റണായി. മൊയ്സെസ് കയ്സെടോയാണ് ഗോളടിച്ചത്. ആദ്യ പകുതി അവസാനിക്കും മുൻപേ വീണ്ടും ഒരവസരം ലഭിച്ചെങ്കിലും ബ്രൈറ്റണ് ഉപയോഗിക്കാനായില്ല. രണ്ടാൻ പകുതിയിലാണ് മറ്റ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ റാഗ്നിക്ക് ഫ്രെഡിനേയും കവാനിയേയും ഇറക്കിയെങ്കിലും കളിക്കളത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ യുണൈറ്റഡിനായില്ല. 49ആം മിനുട്ടിൽ രണ്ടാം ഗോളും ബ്രൈറ്റൺ നേടി. ഒന്ന് പകച്ച് നിന്ന യുണൈറ്റഡിനെതിരെ പാസ്കലിലൂടെ ബ്രൈറ്റൺ മൂന്നാം ഗോളും നേടി. മൂന്ന് മിനുട്ടിന് ശേഷം ബ്രൈറ്റൺ ലീഡ് നാലായി ഉയർത്തുകയും ചെയ്തു.
11 മിനുട്ടിൽ മൂന്ന് ഗോൾ വഴങ്ങി യുണൈറ്റഡ് പതനം പൂർത്തിയാക്കി. തിരിച്ചടിക്കാൻ ഒരവസരം യുണൈറ്റഡിന് ലഭിച്ചെങ്കിലും കവാനി ഓഫ്സൈടായതിനാൽ ഗോളനുവധിക്കപ്പെട്ടില്ല. പ്രീമിയർ ലീഗിൽ ജയത്തോടെ ബ്രൈറ്റൺ ഒൻപതാം സ്ഥാനത്താണ്. ഈ തോൽവിയോടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനിപ്പിക്കാം. യൂറോപ്പയിലോ കോൺഫറൻസ് ലീഗിലോ യുണൈറ്റഡിനെ കാണാം.