അൽകറാസ്, നീ അതിമാനുഷൻ!

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ടെന്നീസ് കുറെ നാളായി അത്ഭുതത്തോടെ കേൾക്കുന്ന പേരാണ് അൽകറാസ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മാഡ്രിഡ് ഓപ്പണിൽ ഫൈനൽസിൽ എത്താനായി 19 വയസ്സുകാരനായ ഈ സ്പാനിഷ് കളിക്കാരൻ മലർത്തിയടിച്ച കളിക്കാർ ചില്ലറക്കാരല്ല. ക്വാർട്ടറിൽ നദാൽ, ഇന്ന് സെമിയിൽ ജോക്കോവിച്ച്‌! അടുത്തടുത്ത ദിവസങ്ങളിലാണ് കാർലോസ് അൽകറാസ് ഗർഫിയ ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 20 കൊല്ലക്കാലത്തിലേറെ ഫെഡററോടൊപ്പം ടെന്നീസ് കോർട്ടുകൾ അടക്കി വാണിരുന്ന ഈ രണ്ട് പേരെയും മറ്റ് പലരും തോപ്പിച്ചിട്ടുണ്ട്. പക്ഷെ അവരെല്ലാം അവരുടെ തന്നെ സമകാലീനരോ, അല്ലെങ്കിൽ കുറേയെങ്കിലും അനുഭവ സമ്പത്തും ഉള്ള കളിക്കാരാണ്. പഴയ ഒന്നാം നമ്പർ താരം ജവാൻ കാർലോസ് ഫെറേറോ കോച്ച് ചെയ്യുന്ന ആറടി ഒരിഞ്ചു പൊക്കമുള്ള ഈ ചെറുപ്പക്കാരൻ 2018ലാണ്, 15 വയസ്സുള്ളപ്പോൾ, പ്രൊഫെഷണൽ ടെന്നിസിലേക്ക് തിരിഞ്ഞത്.

കാർലോസ് അൽകറാസിനെ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത് 2021ലാണ്. യുഎസ് ഓപ്പണിൽ സിസിപ്പാസിനെ തോൽപ്പിച്ചു ക്വാർട്ടറിൽ കടന്നപ്പോൾ. പിന്നീട് 2022ൽ, കഴിഞ്ഞ 30 വർഷത്തിനിടയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ സീഡ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയി. തന്റെ ഹീറോ ആയ നദാലിനെ പോലെ മണ്‌കോർട്ടുകളെ സ്നേഹിക്കുന്ന അൽകറാസ്, ഇനിയുള്ള കാലം ലോക ടെന്നീസിന്റെ തലപ്പത്ത് ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

Novak Djokovic Australian Open

അൽകറാസിനെ സംബന്ധിച്ച് 2022 ഒരു സുവർണ്ണ വർഷമാണ്, ഇത് വരെ. റിയോ ഡി ജെനെറോ, മയാമി ടൈറ്റിലുകൾക്ക് ശേഷം ഇപ്പോൾ മാഡ്രിഡ് ഓപ്പൺ ഫൈനൽസിൽ എത്തി നിൽക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമുക്കറിയാം അൽകറാസ്സിനും ഈ കപ്പിനുമിടയിൽ സിസിപ്പാസ് അതോ സ്വേരെവ് ആണോ എന്ന്. ആരാണെങ്കികും അൽകറാസിനെ മറികടക്കുക എളുപ്പമാകില്ല.