പ്രീമിയർ ലീഗ് ഇന്ന് വലിയ പോരാട്ടമാണ്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു നിൽക്കുന്ന ലിവർപൂളും സീസണിൽ താളം കണ്ടെത്താൻ ആവാതെ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും വരുമ്പോൾ ഇരുവരുടെയും ഫോം ഒക്കെ മാറി നിന്നേക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോമിൽ വെച്ചാണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ പരിശീലകൻ ഒലെയുടെ ഭാവി തീരുമാനിക്കപ്പെടുന്ന മത്സരമായും ഇത് മാറിയേക്കും. ന്യൂകാസിലിനോട് അടക്കം പരാജയപ്പെട്ട് ലീഗിൽ 12ആം സ്ഥാനത്ത് നിൽക്കുകയാണ് യുണൈറ്റഡ്. ഇനിയും പരാജയപ്പെട്ടാൽ റിലഗേഷൻ സോണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തേക്കും. പരിക്ക് മാറി മാർഷ്യൽ, വാൻ ബിസാക എന്നിവർ എത്തുന്നതാകും മാഞ്ചസ്റ്റർ നിരയിലെ ആശ്വാസം. ഡി ഹിയയും ഇന്ന് കളിച്ചേക്കും.
ലിവർപൂളിൽ ഗോൾ പോസ്റ്റിൽ അലിസൺ തിരികെ എത്തിയതോടെ അവർ അവരുടെ കരുത്തിന്റെ അങ്ങേയറ്റത്ത് എത്തി എന്ന് പറയാം. സലാ, മാനെ, ഫർമീനോ എന്നിവർക്ക് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്താൻ ആവാറില്ല എന്ന പരാതി പരിഹരിക്കൽ ആകും ക്ലോപ്പിന്റെ ഇന്നത്തെ ലക്ഷ്യം. ഇന്ന് വിജയിച്ചാൽ പ്രീമിയർ ലീഗിലെ തുടർവിജയങ്ങളുടെ റെക്കോർഡും ലിവർപൂളിന് സ്വന്തമാക്കാം. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്ററിലും കാണാം.