ജയം മാത്രം ലക്ഷ്യമിട്ട് ലിവർപൂൾ സൗത്താംപ്ടനെതിരെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ ആദ്യമത്സരത്തിൽ നോർവിച്ചിനെ തകർത്തു തുടങ്ങിയ ക്ളോപ്പിന്റെ ലിവർപൂൾ തങ്ങളുടെ രണ്ടാം ജയം ആവും സൗത്താംപ്ടനെതിരെ ലക്ഷ്യം വക്കുക. ചെൽസിയെ തോൽപ്പിച്ച് യു.ഫേ.ഫ സൂപ്പർ കപ്പും ഉയർത്തിയ ലിവർപൂൾക്ക് ആശങ്ക നൽകുന്നത് ഗോൾകീപ്പർമാരുടെ പരിക്കാണ്. നോർവിച്ചിനെതിരെ പരിക്ക് മൂലം ഇടക്ക് വച്ച് ആലിസനെ നഷ്ടമായ അവർക്ക് ആശങ്ക നൽകുന്നത് സൂപ്പർ കപ്പ് ജയാഘോഷത്തിനിടെ രണ്ടാം ഗോൾകീപ്പർ അഡ്രിയാനു ഏറ്റപരിക്കാണ്. എന്നാൽ സൗത്താംപ്ടനു എതിരെ അഡ്രിയാൻ തന്നെ ലിവർപൂൾ വല കാക്കാൻ ആണ് സാധ്യത. മികച്ച ഫോമിലുള്ള ലിവർപൂൾ വമ്പൻ ജയം ആവും സെന്റ് മേരീസ് സ്റ്റേഡിയത്തിൽ ലക്ഷ്യം വക്കുക. സൂപ്പർ കപ്പിനായി ഇസ്‌താംപൂളിലേക്ക് നടത്തിയ യാത്രാക്ഷീണം ഉള്ളതിനാൽ തന്നെ ടീമിൽ ചില മാറ്റങ്ങൾക്കും ക്ളോപ്പ് മുതിർന്നേക്കും.

പ്രതിരോധത്തിൽ വാൻ ഡെയ്ക്, ജോ ഗോമസ്, അലക്‌സാണ്ടർ അർണോൾഡ്, ആൻഡ്രൂ റോബർട്ട്സൻ എന്നിവർ തുടരാൻ തന്നെയാണ് സാധ്യത. ആദ്യമത്സരത്തിലെ തന്റെ ഗോൾ അസിസ്റ്റുകൾ കണ്ടത്തി തുടങ്ങിയ അർണോൾഡിനൊപ്പം മത്സരിക്കാൻ റോബർട്ട്സൻ കൂടി തുനിഞ്ഞാൽ സൗത്താംപ്ടൻ പ്രതിരോധം വിയർക്കും. മധ്യനിരയിൽ വൈനാൽഡൻ, ഫാബിനിയോ, ക്യാപ്റ്റൻ ഹെന്റെഴ്സൻ എന്നിവരിൽ ചിലർക്ക് വിശ്രമം ലഭിക്കാനും ഇടയുണ്ട് അങ്ങനെയെങ്കിൽ ലല്ലാന, ചേമ്പർലിൻ എന്നിവരിൽ ആരെങ്കിലും ടീമിൽ എത്തിയെക്കും. മുന്നേറ്റത്തിൽ തന്റെ ഗോൾവേട്ട തുടങ്ങിയ മുഹമ്മദ് സലാഹിനൊപ്പം ഫിർമിനോ ഇറങ്ങും എന്നു ഏതാണ്ട് ഉറപ്പാണ്‌. എന്നാൽ മുന്നേറ്റത്തിലെ മൂന്നാം കുന്തമുനയായ മാനെ കളിക്കുമോ എന്നു കണ്ടറിയണം. കഴിഞ്ഞ മത്സരത്തിൽ മാനെക്കു പകരം ആദ്യ പതിനൊന്നിൽ എത്തി ഗോൾ നേടിയ ഒറീഗിക്ക് ചിലപ്പോൾ ക്ളോപ്പ് വീണ്ടും അവസരം നൽകിയേക്കും.

എന്നാൽ മറുവശത്ത് ബെർൺലിക്ക് എതിരായ വമ്പൻ പരാജയത്തിന് ശേഷം മത്സരത്തിൽ ഇറങ്ങുന്ന സൗത്താംപ്ടന്റെ ലക്ഷ്യം വലിയൊരു തോൽവി ഒഴിവാക്കുക എന്നത് തന്നെയാവും. വിശ്വസിക്കാൻ ആവാത്ത പ്രതിരോധത്തെ എത്രത്തോളം ഉറപ്പിച്ച് നിർത്താൻ സ്റ്റീഫൻസ്, ബെർട്ട്രാണ്ട്, യോഷിദ സംഘത്തിനു ആവുമോ എന്നു കണ്ടറിയണം. ഒപ്പം കഴിഞ്ഞ 4 പ്രീമിയർ ലീഗ് മത്സരങ്ങളിലും ലിവർപൂളിനോട് തോൽവി വഴങ്ങിയ സൗത്താംപ്ടനു ഒരു സമനില എങ്കിലും നേടാൻ സാധിച്ചാൽ അത് വലിയ കാര്യമാവും. വാർഡ് പ്രോസ്, റെഡ്മണ്ട് എന്നിവർക്ക് ഒപ്പം മുൻ ലിവർപൂൾ താരം ഡാനി ഇങ്ക്‌സ് എന്നിവർ അടങ്ങുന്ന സൗത്താംപ്ടൻ ഏതു ടീമിനെതിരെയും ഗോൾ നേടാൻ കെൽപ്പുള്ളവർ ആണെന്നുള്ളത് മറന്ന് കൂടാ. എന്നാൽ സൗത്താംപ്ടനെതിരെ മികച്ച റെക്കോർഡ് ഉള്ള സലാഹ് അടക്കമുള്ള ലിവർപൂൾ മുന്നേറ്റത്തെ തടയാൻ സൗത്താംപ്ടനു ആവുമെന്ന് തോന്നുന്നില്ല. ശനിയാഴ്ച ഇന്ത്യൻ സമയം 7.30 നു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ്, ഹോട്ട്സ്റ്റാർ എന്നിവയിൽ തത്സമയം കാണാം.