ജയം മാത്രം ശീലം, വോൾവ്സിനെയും വീഴ്ത്തി ലിവർപൂൾ റെക്കോർഡ് പുസ്തകങ്ങളിലേക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയക്കുതിപ്പിന് തടയിടാൻ സാന്റോയുടെ വോൾവ്സിനും ആയില്ല. എന്നും വലിയ ടീമുകളോട് മികവ് പുലർത്തുന്ന വോൾവ്സിനു പക്ഷെ ഇന്ന് ലിവർപൂളിന്റെ മികവിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ക്ളോപ്പിന്റെ ടീമിന്റെ ജയം. ഇതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ 14 മത്തെ ജയം ആണ് ലിവർപൂൾ സ്വന്തമാക്കിയത് കൂടാതെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയമറിയാതെ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോർഡിൽ ചെൽസിക്ക് ഒപ്പവും അവർ എത്തി. നിലവിൽ അവസാനം കളിച്ച 40 മത്സരങ്ങളിൽ ലിവർപൂൾ പരാജയം അറിഞ്ഞിട്ടില്ല. നിലവിൽ 49 മത്സരങ്ങളിൽ തോൽവി അറിയാതെ കളിച്ച ആഴ്സണൽ ആണ് ലിവർപൂളിനു മുന്നിലുള്ള ഏക ടീം.

വോൾവ്സിന്റെ മൈതാനത്ത് ഇരുടീമുകളും നന്നായി തന്നെയാണ് മത്സരം തുടങ്ങിയത്. എന്നാൽ എട്ടാമത്തെ മിനിറ്റിൽ തന്നെ അലക്‌സാണ്ടർ അർണോൾഡിന്റെ കോർണറിൽ തല വച്ച ലിവർപൂൾ നായകൻ ഹെന്റേഴ്സൻ അവരെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയിൽ കാലിനു പരിക്കേറ്റ സാദിയോ മാനെ കളം വിട്ടത് ലിവർപൂളിനു തിരിച്ചടിയായി. മാനെക്ക് പകരക്കാരനായി ഇറങ്ങിയ മിനമിനോക്ക് അങ്ങനെ ഈ മത്സരം പ്രീമിയർ ലീഗിലെ അരങ്ങേറ്റം കൂടിയായി. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന ആതിഥേയരെയാണ് കളത്തിൽ കാണാൻ ആയത്. ആദാമ ട്രോറെറ നിരന്തരം ആൻഡ്രൂ റോബർട്ട്സന് പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ 51 മിനിറ്റിൽ വോൾവ്സ് സമനില ഗോൾ കണ്ടത്തി. വലത് വിങിൽ നിന്ന് ട്രോറെറ കൊടുത്ത ക്രോസിനെ മനോഹരമായി തല കൊണ്ട് തിരിച്ചു വിട്ട റൗൾ ഹിമനെസ് ആണ് വോൾവ്സിന് സമനില ഗോൾ സമ്മാനിച്ചത്.

7 മത്സരങ്ങൾക്ക് ശേഷം ലിവർപൂൾ വഴങ്ങുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഗോൾ നേടിയതോടെ കൂടുതൽ ഉണർന്ന വോൾവ്സ് ട്രോറെറയിലൂടെയും ഹിമൻസിലൂടെയും ആലിസന്റെ ഗോൾ പിന്നെയും ലക്ഷ്യം വച്ചു. എന്നാൽ ഈ 2 ഷോട്ടുകളും രക്ഷപ്പെടുത്തിയ ആലിസൻ ലിവർപൂളിനെ മത്സരത്തിൽ നിലനിർത്തി. അതിനിടയിൽ ലിവർപൂളിന് ലഭിച്ച അവസരം സലാഹ് നഷ്ടപ്പെടുത്തിയപ്പോൾ ഫിർമിനോയുടെ ഷോട്ട് വോൾവ്സ് ഗോൾ കീപ്പർ റൂയി പെട്രീഷ്യ രക്ഷപ്പെടുത്തി. എന്നാൽ 84 മിനിറ്റിൽ ഹെന്റേഴ്സന്റെ പാസിൽ ഒരു അതുഗ്രം ഷോട്ടിലൂടെ വോൾവ്സ് ഗോൾ ഭേദിച്ച ഫിർമിനോ ഒടുവിൽ ലിവർപൂളിനായി അവതരിച്ചപ്പോൾ പരാജയം സമ്മതിക്കുക എന്നല്ലാതെ മറ്റൊരു വഴിയും വോൾവ്സിന് ഉണ്ടായില്ല. മത്സരത്തിലെ അവസാന നിമിഷം ലഭിച്ച സുവർണാവസരം യോട്ട കളഞ്ഞു കുളിച്ചതും ലിവർപൂളിനു ഭാഗ്യമായി. നിലവിൽ കളിച്ച 23 കളികളിൽ 22 ജയിച്ച ലിവർപൂളിന് 67 പോയിന്റുകൾ ആണ് ഉള്ളത്. രണ്ടാമതുള്ള ഒരു മത്സരം കൂടുതൽ കളിച്ച മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 16 പോയിന്റുകൾ അധികം. 30 വർഷത്തെ ലീഗ് കിരീടം എന്ന കാത്തിരിപ്പിന് ഉറപ്പായും ലിവർപൂൾ അന്ത്യം കുറിക്കും എന്ന് നാൾക്കുനാൾ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജയം മാത്രം ശീലമാക്കിയ ഈ ലിവർപൂൾ ടീമിനെ ഈ സീസണിൽ ആരെങ്കിലും തോല്പിക്കുമോ എന്നത് തന്നെയാവും ഇനി പ്രീമിയർ ലീഗിൽ ഉത്തരം കിട്ടേണ്ട ചോദ്യം.