ഡാർബിയിൽ ബെനിറ്റസിന്റെ എവർട്ടണയും തകർത്തു ലിവർപൂൾ, ഇരട്ടഗോളുകളും ആയി സലാഹ്

20211202 041616

പ്രീമിയർ ലീഗിൽ മേഴ്‌സിസൈഡ് ഡാർബിയിൽ വമ്പൻ ജയവുമായി ലിവർപൂൾ. തങ്ങളുടെ മുൻ പരിശീലകൻ റാഫ ബെനിറ്റസ് കൂട് മാറി എത്തിയ എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ക്ലോപ്പിന്റെ ടീം തകർത്തത്. ഗുഡിസൺ പാർക്കിൽ മറ്റൊരു ഡാർബി പരാജയം ആയിരുന്നു എവർട്ടണിനെ കാത്തിരുന്നത്. വ്യക്തമായ ലിവർപൂൾ ആധിപത്യം ആണ് മത്സരത്തിൽ ഒട്ടുമിക്ക സമയത്തും കണ്ടത്. ഒമ്പതാം മിനിറ്റിൽ തന്നെ ആൻഡ്രൂ റോബർട്ട്സന്റെ പാസിൽ നിന്നു മികച്ച ഒരു ഇടൻ കാലൻ അടിയിലൂടെ ഗോൾ ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്‌സൻ ആണ് ലിവർപൂളിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 19 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ഹെന്റേഴ്‌സനിൽ നിന്നു പന്ത് സ്വീകരിച്ച സലാഹ് മനോഹരമായ ഒരു ഗോളോടെ ലിവർപൂൾ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടു ഗോൾ വീണ ശേഷം എവർട്ടൺ കൂടുതൽ ഉണർന്നു കളിച്ചു.20211202 041750

ഇതിന്റെ ഫലം ആയിരുന്നു 38 മത്തെ മിനിറ്റിൽ റിച്ചാർലിസന്റെ പാസിൽ നിന്നു ഡിമാരി ഗ്രെ നേടിയ ഗോൾ. അതിനു ശേഷം മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ആതിഥേയർ സൃഷ്ടിച്ചു എങ്കിലും ലിവർപൂൾ പ്രതിരോധം പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ എവർട്ടണിന്റെ കോർണറിൽ നിന്നു ആരംഭിച്ച ഒരു പ്രത്യാക്രമണം ഗോൾ ആക്കി മാറ്റിയ സലാഹ് ഏതിരാളികളുടെ പോരാട്ടവീര്യം അവസാനിപ്പിച്ചു. സീസണിൽ ലീഗിൽ സലാഹ് നേടുന്ന 13 മത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്ന് 79 മത്തെ മിനിറ്റിൽ റോബർട്ട്സന്റെ പാസിൽ നിന്നു മികച്ച ഒരു ഇടൻ കാലൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഡീഗോ ജോട്ടയാണ് ലിവർപൂൾ ജയം പൂർത്തിയാക്കിയത്. വമ്പൻ ജയത്തോടെ തങ്ങളുടെ ആത്മവിശ്വാസം ആണ് ലിവർപൂൾ കളത്തിൽ പ്രകടമാക്കിയത്. നിലവിൽ ലീഗിൽ ലിവർപൂൾ മൂന്നാമതും എവർട്ടൺ 14 മതും ആണ്.

Previous articleഅത്ലറ്റികോ ബിൽബാവോയുടെ വെല്ലുവിളി അതിജീവിച്ചു റയൽ മാഡ്രിഡ് ജയം
Next articleബെർണാഡോ സിൽവയുടെ സുന്ദര വോളി ഗോൾ, ജെറാർഡിന്റെ വില്ല പൊരുതി വീണു