മാനുവൽ ലാൻസിനി! ഹൃദയം നിലച്ച നിമിഷം! അവിശ്വസനീയം ഈ ഗോൾ!

20201019 010137
- Advertisement -

മാനുവൽ ലാൻസിനി എന്ന അർജന്റീനൻ താരം വെസ്റ്റ് ഹാം യുണൈറ്റഡ് എന്ന ടീമിന് അധികപ്പറ്റ് ആണ് എന്ന വിമർശങ്ങൾ വന്നു തുടങ്ങിയിട്ട് കുറെയായി. ദിമിത്രി പയറ്റിനു ഒപ്പം ഹാമേഴ്‌സ് ഏറ്റവും കൂടുതൽ ആഘോഷിച്ച താരങ്ങൾ ഒരാൾ ആയ ലാൻസിനിക്കും അത്ര നല്ല കാലം ആയിരുന്നില്ല കഴിഞ്ഞ രണ്ടു വർഷങ്ങൾ. പരിക്കുകളും മോശം പ്രകടനങ്ങളും അയ്യാളെ ടീമിൽ നിന്നു അകറ്റി നിർത്താൻ തുടങ്ങിയിട്ട് കുറെയായി. പലപ്പോഴും ഡേവിഡ് മോയസിന്റെ ടീമിൽ അയ്യാളുടെ സ്ഥാനം പകരക്കാരിൽ മാത്രം ആയി. മോയസിന്റെ കീഴിൽ കഴിഞ്ഞ സീസണിന്റെ അവസാനം വെസ്റ്റ് ഹാം ലാൻസിനി പോലുള്ള താരങ്ങൾ ഇല്ലാതെയും മികവ് കണ്ടത്തിയപ്പോൾ ആ മികവ് ഈ സീസണിൽ തുടർന്നപ്പോൾ ചിലപ്പോൾ വെസ്റ്റ് ഹാമിൽ ഇനിയൊരു ഭാവിയുണ്ടോ എന്ന ചിന്ത ചിലപ്പോൾ ലാൻസിനിക്കും അയ്യാളെ ഒരു കാലത്ത് നെഞ്ചിലേറ്റിയ ഹാമേഴ്‌സ് ആരാധകർക്കോ തോന്നി കാണണം. എന്നാൽ ഫുട്‌ബോൾ പ്രവചനങ്ങൾക്ക് അപ്പുറം ആണെന്ന് വെറുതെ പറയുന്നത് അല്ലല്ലോ.

ജോസെ മൗറീന്യോയുടെ ടോട്ടൻഹാമിനോട് അവരുടെ മൈതാനത്തെ ലണ്ടൻ ഡെർബിയാണ് വേദി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 6-1 നു തകർത്തു സോണിനും കെയിനിന്റെയും ചിറകിലേറി പറക്കുന്ന ടോട്ടൻഹാമിന്റെ ബെയിലിന്റെ വരവ് ആഘോഷമാക്കാൻ ഇരിക്കുന്ന വേദി. നന്നായി കളിച്ചിട്ടും 22 മിനിറ്റുകളിൽ 3 ഗോളിന് പിന്നിൽ പോവുന്ന വെസ്റ്റ് ഹാം, കാരണം അത്ര ഭയങ്കരമായിരുന്നു കെയിനും സോണും ടോട്ടൻഹാമും. ഒന്നാം പകുതിക്ക് ശേഷവും രണ്ടാം പകുതിയിലും വീണ്ടും അവസരങ്ങൾ തുറക്കുന്നുണ്ട് ടോട്ടൻഹാം. 82 മത്തെ മിനിറ്റിൽ വാൽബുവനെയുടെ ഗോളിൽ ഒരു ഗോൾ മടക്കുമ്പോൾ പോലും മോയസ് സമനില എന്ന സ്വപ്നം കണ്ടിരിക്കാൻ ഇടയില്ല. രണ്ടര മിനിറ്റിനു ശേഷം സാഞ്ചസിന്റെ സെൽഫ് ഗോൾ രണ്ടാം ഗോളും സമ്മാനിക്കുമ്പോൾ ചിലപ്പോൾ 5 മിനിറ്റും ഇഞ്ച്വറി സമയവും അവശേഷിക്കുമ്പോൾ വെസ്റ്റ് ഹാം യുണൈറ്റഡ് ചിലപ്പോൾ ഒരു സമനില സ്വപ്നം കണ്ടു തുടങ്ങിയിരിക്കണം.

77 മത്തെ മിനിറ്റിൽ ഫോർനാലാസിന് പകരം ഇറങ്ങുമ്പോൾ ലാൻസിനി പോലും ഇത്തരം ഒരു അന്ത്യം പ്രതീക്ഷിച്ചു കാണില്ല. 94 മത്തെ മിനിറ്റിൽ മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് ക്രെസ്‌വൽ ബോക്സിലേക്ക് ഉയർത്തി അടിച്ചു നൽകുമ്പോൾ അത് ആൽഡർവെയിൽഡ് കുത്തി അകറ്റുന്നുണ്ട്. ബോക്സിനു പുറത്ത് പന്ത് അടിച്ചു കളയാൻ ശ്രമിക്കുന്ന വിങ്ക്സിന്റെ കാലിൽ നിന്നു പന്ത് ലഭിക്കുമ്പോൾ നേരെ അടിക്കുമ്പോൾ ലാൻസിനി ലക്ഷ്യം വച്ചത് ഗോൾ പോസ്റ്റ് അല്ലാതെ മറ്റൊന്ന് ആയിരിക്കില്ല. എന്തൊരു അടി ആയിരുന്നു അത്, ലോറിസിനു ഒരവസരവും നൽകാതെ അത് ഗോൾ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പതിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ കണ്ടിരിക്കുന്ന ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം നിലച്ചു കാണണം. ലാൻസിനിയും വെസ്റ്റ് ഹാം താരങ്ങളും ഡേവിഡ് മോയസും എല്ലാം മറന്നു ഒരു ജയം പോലെ തുള്ളിച്ചാടിയതിൽ ഉണ്ടായിരുന്നു എല്ലാം. ഉറപ്പായും ഇത്തരം നിമിഷങ്ങൾ ആസ്വദിക്കാൻ അത് കണ്ട് ഭ്രാന്തമായി തുള്ളിച്ചാടാൻ കാണികൾ ഇല്ല എന്നത് ഒരു വലിയ സങ്കടം ആയി അവശേഷിക്കുന്ന സമയത്തും, ആ നിമിഷം ടിവിക്ക് മുന്നിൽ തുള്ളിചാടാത്ത ഫുട്‌ബോൾ ആരാധകർ കുറവ് ആയിരിക്കണം. നന്ദി ലാൻസിനി ഹൃദയം നിലച്ച ആ അവിശ്വസനീയ നിമിഷത്തിനു, എന്നെന്നും ഓർത്ത് വക്കുന്ന ആ ഗോളിന്.

Advertisement