സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമനിലയിൽ കുരുങ്ങി ചെൽസി

പ്രീമിയർ ലീഗിൽ ചെൽസിക്ക് സമനില കുരുക്ക്. കോണർ കോഡിയുടെ അവസാന മിനുട്ട് ഗോളിൽ വോൾവ്സ് ചെൽസിയെ 2-2ന്റെ സമനിലയിൽ കുരുക്കി. റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകൾക്ക് ഫ്രാൻസിസ്കോ ട്രിങ്കാവോ 79ആം മിനുട്ടിലും കോഡി 97ആം മിനുട്ടിലും മറുപടി നൽകി. ആദ്യ പകുതിയിൽ ചെൽസിയുടെ രണ്ട് ഗോളുകൾ അനുവദിക്കപ്പെട്ടിരുന്നില്ല.

എങ്കിലും 56ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലുകാകു കളിയിലെ ആദ്യ ഗോളടിച്ചു. 2022ലെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യ ഗോളയിരുന്നു ഇത്. ചെൽസിയുടെ ഉടമസ്ഥതയ്ക്കായി ഒഫീഷ്യൽബിഡ് നേടിയ കൺഷോർഷ്യം ഉടമ ടോഡ് ബോഹ്ലി മത്സരം കാണാനായി ബ്രിഡ്ജിലെത്തിയിരുന്നു. ആദ്യ ഗോളിന് പിന്നാലെ 20യാർഡ് സ്ട്രൈക്കുമായി ലുകാകു രണ്ടാം ഗോളും നേടി. ചെൽസി ജയവും വിലയേറിയ മൂന്ന് പോയന്റും ഉറപ്പിച്ചിരിക്കെയാണ് 79ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ട്രിങ്കാവോ ഗോളടിച്ചത്. കളിയവസാനിക്കാനിരിക്കെ കോഡിയുടെ ഹെഡ്ഡറിലൂടെ വോൾവ്സ് സമനില നേടി.