ശിവം മാവിയ്ക്കെതിരെ ഒരോവറിൽ അഞ്ച് സിക്സ്, ലക്നൗവിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് സാക്ഷ്യം വഹിച്ച് പൂനെ

Hoodadekock

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച സ്കോര്‍. 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ആണ് ലക്നൗ നേടിയത്. ക്വിന്റൺ ഡി കോക്കും ദീപക് ഹൂഡയും മികച്ച തുടക്കം നൽകിയ ശേഷം കൊല്‍ക്കത്ത വിക്കറ്റുകളുമായി മത്സരത്തിൽ പിടിമുറുക്കിയെങ്കിലും ശിവം മാവി എറിഞ്ഞ 19ാം ഓവര്‍ വീണ്ടും മത്സരം ലക്നൗവിന്റെ പക്ഷത്തേക്ക് തിരിച്ചു.

Marcusstoinis

ശിവം മാവി എറിഞ്ഞ 19ാം ഓവറിൽ 5 സിക്സുകളാണ് ലക്നൗ നേടിയത്. ആദ്യ മൂന്ന് പന്തുകളിൽ സ്റ്റോയിനിസ് സിക്സര്‍ നേടിയ ശേഷം നാലാം പന്തിൽ പുറത്തായപ്പോള്‍ ജേസൺ ഹോള്‍ഡര്‍ ക്രീസിലെത്തി അടുത്ത രണ്ട് പന്തിൽ സിക്സ് നേടിയപ്പോള്‍ 30 റൺസാണ് ഓവറിൽ നിന്ന് പിറന്നത്.

Quintondekock

ഒരു പന്ത് പോലും നേരിടാതെ രാഹുല്‍ റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ലക്നൗവിന്റെ കൗണ്ടര്‍ അറ്റാക്കിംഗാണ് പിന്നെ കണ്ടത്. ക്വിന്റൺ ഡി കോക്കും ദീപക് ഹൂഡയും കൊല്‍ക്കത്ത ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ 7.2 ഓവറിൽ 73 റൺസിലേക്ക് ലക്നൗ കുതിച്ചു. 29 പന്തിൽ 50 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ നരൈന്‍ പുറത്താക്കിയപ്പോള്‍ 27 പന്തിൽ 41 റൺസ് നേടിയ ദീപക് ഹൂഡ അടുത്തതായി മടങ്ങി. റസ്സലിനായിരുന്നു വിക്കറ്റ്.

Andrerussellkkr

വേഗത്തിൽ റൺസ് സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടിയ ക്രുണാൽ പാണ്ഡ്യയെ(25) വീഴ്ത്തി റസ്സൽ ലക്നൗവിനെ 122/4 എന്ന നിലയിലേക്ക് തള്ളിയിട്ടു. എന്നാൽ വീണ്ടും കൗണ്ടര്‍ അറ്റാക്കിംഗുമായി മാര്‍ക്കസ് സ്റ്റോയിനിസ് രംഗത്തെത്തുന്നതാണ് കണ്ടത്. 14 പന്തിൽ 28 റൺസാണ് സ്റ്റോയിനിസ് നേടിയത്. 4 പന്തിൽ 13 റൺസ് നേടി ജേസൺ ഹോള്‍ഡറും വേഗത്തിൽ സ്കോര്‍ ചെയ്തപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ലക്നൗ നേടിയത്.