ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ആഴ്‌സണലിന് ഇന്ന് കടുത്ത പരീക്ഷ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തുടർ പരാജയം നേരിട്ട ആഴ്‌സണൽ ഇന്ന് സ്റ്റാൻഫ്രോഡ് ബ്രിഡ്ജിൽ യൂറോപ്യൻ ജേതാക്കൾ ആയ ചെൽസിയെ ആണ് നേരിടുക. നിലവിൽ ലീഗിൽ ചെൽസി മൂന്നാം സ്ഥാനത്തും ആഴ്‌സണൽ അഞ്ചാം സ്ഥാനത്തും ആണ്. സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ 2-0 ന്റെ ജയം നേടിയ ചെൽസി മികച്ച ഫോമിലും ആണ്. 2016 നു ശേഷം ആദ്യമായി ആഴ്‌സണലിന് മേൽ ഡബിൾ നേടുക എന്ന ലക്ഷ്യം ആണ് ചെൽസിക്ക് ഉള്ളത്. അതേസമയം തുടർച്ചയായി നാലു മത്സരങ്ങളിൽ തോൽവി ഒഴിവാക്കാൻ ആവും ആഴ്‌സണൽ ശ്രമം.
ടിയേർണി, പാർട്ടി, ടോമിയാസു എന്നീ മൂന്നു പ്രമുഖ താരങ്ങളെ പരിക്ക് മൂലം നഷ്ടപ്പെട്ടത് ആണ് ആഴ്‌സണലിന് വലിയ തിരിച്ചടി നൽകിയത്. മോശം ഫോമിലുള്ള ലാകസെറ്റ അടക്കമുള്ളവർക്കും ഗോളുകളും നേടാൻ ആവുന്നില്ല. കഴിഞ്ഞ മത്സരം കോവിഡ് മൂലം നഷ്ടമായ ലാകസെറ്റ ഇത്തവണയും കളിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ സാക, മാർട്ടിനെല്ലി, ഒഡഗാർഡ്, സ്മിത് റോ എന്നീ യുവതാരങ്ങളിൽ ആവും ആഴ്‌സണലിന്റെ ഭാവി നിര്ണയിക്കപ്പെടുക. കഴിഞ്ഞ മത്സരങ്ങളിൽ കളി മറന്ന വൈറ്റും, ഗബ്രിയേലും നയിക്കുന്ന പ്രതിരോധവും ചെൽസിക്ക് എതിരെ കൂടുതൽ ഉണർന്നു തന്നെ കളിക്കേണ്ടി വരും. ശാക്ക, സാമ്പി എന്നിവർ അണിനിരക്കുന്ന പ്രതിരോധം ആണ് ആഴ്‌സണലിന്റെ ഏറ്റവും വലിയ തലവേദന ഒപ്പം ഇടത് ബാക്കിൽ ടിയേർണി പോയ വലിയ വിടവും. കഴിഞ്ഞ സീസണിൽ ചെൽസിയെ ആഴ്‌സണൽ സ്മിത് റോയുടെ ഗോളിൽ അവരുടെ മൈതാനത്ത് വീഴ്ത്തിയിരുന്നു.
അതേസമയം എഫ്.എ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ആത്മവിശ്വാസവും ആയി ആണ് ചെൽസി ഈ മത്സരത്തിനു ഇറങ്ങുക. തോമസ് ടൂഹലിന് കീഴിൽ ഉഗ്രൻ പ്രകടനം ആണ് കഴിഞ്ഞ കുറെ മത്സരങ്ങളിൽ ചെൽസി പുറത്ത് എടുക്കുന്നത്. കായ് ഹാവർട്സ്, മേസൻ മൗണ്ട്, ഹക്കിം സിയെച് എന്നിവർക്ക് ഒപ്പം തിമോ വെർണറും നിലവിൽ നല്ല ഫോമിൽ ആണ്. ലുകാകുവിന്റെ മോശം പ്രകടനങ്ങൾക്ക് ഇടയിലും ഗോൾ കണ്ടത്താൻ ചെൽസിക്ക് പ്രശ്നങ്ങൾ ഇല്ല. മധ്യനിരയിൽ ജോർജീന്യോ, കോവചിച്, കാന്റെ
എന്നിവർ കളി നിയന്ത്രിച്ചാൽ ആഴ്‌സണൽ വിയർക്കും. അതേസമയം റൂഡികറും സിൽവയും കാക്കുന്ന പ്രതിരോധം കോട്ട പോലെ ഉറച്ച് നിന്നാൽ ഗോൾ കണ്ടത്താൻ നന്നായി വിഷമിക്കുന്ന ആഴ്‌സണൽ ഒരിക്കൽ കൂടി നിരാശപ്പെടേണ്ടി വരും. രാത്രി 12.15 നു ആണ് ഈ പോരാട്ടം നടക്കുക.