ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന ലക്ഷ്യവും ആയി ഇറങ്ങുന്ന മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ ഇന്ന് തങ്ങളുടെ ഇതിഹാസ താരം പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനെ നേരിടും. നിലവിൽ അഞ്ചാം സ്ഥാനത്ത് ആയ ആഴ്‌സണൽ ജയിച്ചാൽ നാലാമതുള്ള ടോട്ടൻഹാമിനെ മറികടക്കും. രണ്ടു കളികൾ കുറവ് കളിച്ച ആഴ്‌സണലിനു സ്പെർസിന്റെ അത്ര തന്നെ പോയിന്റുകൾ ഉണ്ട്. അതേസമയം വിയേരക്ക് കീഴിൽ മികച്ച ഫുട്‌ബോൾ കളിക്കുന്ന പാലസ് നിലവിൽ പന്ത്രണ്ടാം സ്ഥാനത്ത് ആണ്. സീസണിൽ മുമ്പ് ഏറ്റു മുട്ടിയപ്പോൾ ലാകസെറ്റയുടെ അവസാന മിനിറ്റ് ഗോളിൽ ആഴ്‌സണൽ സമനിലയും ആയി രക്ഷപ്പെടുക ആയിരുന്നു. പലപ്പോഴും ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള പാലസിനോട് ജയിച്ചു മികവ് തുടരാൻ തന്നെയാവും ആഴ്‌സണൽ ശ്രമം.
സ്വന്തം മൈതാനത്ത് പ്രീമിയർ ലീഗിൽ ജയം കാണാൻ ബുദ്ധിമുട്ടുന്ന പാലസിന് എതിരെ മുന്നേറ്റത്തിൽ ലാകസെറ്റ തന്നെയാവും ഇറങ്ങുക. ഒപ്പം കോവിഡ് മാറി എത്തുന്ന ബുകയോ സാക്ക, മാർട്ടിനെല്ലി, ഒഡഗാർഡ് എന്നിവരും ഇറങ്ങും. അങ്ങനെയെങ്കിൽ എമിൽ സ്മിത്ത് റോ പകരക്കാരന്റെ ബെഞ്ചിൽ സ്ഥാനം പിടിക്കും. സീസണിൽ ആഴ്‌സണലിന് ആയി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ സാക്കയും സ്മിത് റോയും ആണ്. അതിനാൽ തന്നെ യുവതാരങ്ങളുടെ പ്രകടനം ആഴ്‌സണലിന് നിർണായകമാണ്. അതേസമയം പരിക്ക് മാറി ആരോൺ റാംമ്സ്ഡേൽ ഗോൾ പോസ്റ്റിനു മുന്നിൽ തിരിച്ചു എത്തുമോ എന്നു വ്യക്തമല്ല അങ്ങനെയെങ്കിൽ ബെർഡ് ലെനോ ആവും കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ആഴ്‌സണൽ വല കാക്കുക. പ്രതിരോധത്തിൽ വലത് ബാക്ക് ടോമിയാസ്യുവിന്റെ സേവനം ആഴ്‌സണലിന് ഇന്നും നഷ്ടമാവാൻ ആണ് സാധ്യത.
അങ്ങനെയെങ്കിൽ വൈറ്റ്, ഗബ്രിയേൽ, ടിയേർണി എന്നിവർക്ക് ഒപ്പം സെഡറിക് ആവും പ്രതിരോധത്തിൽ ഇറങ്ങുക. മധ്യനിരയിൽ ശാക്കക്ക് ഒപ്പം ഘാനയെ ലോകകപ്പിൽ എത്തിച്ച ഗോളുമായി എത്തുന്ന തോമസ് പാർട്ടി തന്നെയാവും ഇറങ്ങുക. സീസണിൽ പാർട്ടിയുടെ മികവ് ആഴ്‌സണലിന്റെ ഏറ്റവും വലിയ കരുത്ത് ആണ്. അതേസമയം പാലസിന്റെ യുവ താരങ്ങൾ ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നവർ ആണ്. എന്നാൽ പരിക്ക് കാരണം വിൽഫ്രയിഡ് സാഹ, മൈക്കിൾ ഒലിസി എന്നിവർ കളിച്ചേക്കില്ല എന്നത് അവർക്ക് തിരിച്ചടിയാണ്. പ്രതിരോധത്തിൽ ഗുഹിൽ, മിച്ചൽ അടങ്ങുന്ന യുവനിരയും മുന്നേറ്റത്തിൽ എസെ, ചെൽസിയിൽ നിന്നു ലോണിൽ കളിക്കുന്ന കോണോർ ഗാലഹർ, എഡാർഡ് എന്നിവർ അപകടം സൃഷ്‌ടിക്കാൻ പോന്നവർ ആണ്. ലണ്ടൻ ഡാർബി ജയിച്ചു ടോപ്പ് ഫോറിൽ തിരികെയെത്താൻ ആവും ആഴ്‌സണൽ രാത്രി 12.30 നു നടക്കുന്ന മത്സരത്തിൽ ശ്രമിക്കുക.