പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം 200 മത്സരങ്ങൾ എന്ന നേട്ടത്തിന് ഒരു മത്സരം അകലെയാണ് പരിശീലകൻ പെപ് ഗാർഡിയോള. 5 കൊല്ലത്തിന് ഇടയിൽ സിറ്റിക്ക് 3 പ്രീമിയർ ലീഗ് കിരീടങ്ങൾ അടക്കം 8 വലിയ കിരീടങ്ങൾ നേടി കൊടുക്കാനും ഗാർഡിയോളക്ക് ആയി. ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരായ മത്സരം ഗാർഡിയോളക്ക് 200 മത്തെ മത്സരം ആണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആണ് ഗാർഡിയോള ഇനിയും ഒരു 200 മത്സരങ്ങൾ താൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ആയി ഇരിക്കാൻ സാധ്യതയില്ലെന്നു പറഞ്ഞത്. ഇത് വരെയുള്ള സിറ്റി കരിയറിൽ തനിക്ക് ഒരു ഖേദവും ഇല്ലെന്നും കാറ്റാലിയൻ പരിശീലകൻ കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ സിറ്റിയിൽ നേട്ടങ്ങളിൽ താൻ പൂർണ തൃപ്തനാണ് എന്നും ഗാർഡിയോള പറഞ്ഞു. തങ്ങളുടെ നേട്ടത്തിന് പിറകിൽ ഒരു രഹസ്യവും ഇല്ലെന്നു പറഞ്ഞ ഗാർഡിയോള മികച്ച റിസൾട്ടുകൾ ആണ് തന്നെ ഇത്രയും കാലം സിറ്റി പരിശീലകൻ ആയി തുടരാൻ സഹായിച്ചത് എന്നും പറഞ്ഞു. ഒപ്പം ഇതിൽ താരങ്ങൾക്ക് പ്രധാന പങ്ക് ഉണ്ടെന്നും ഗാർഡിയോള കൂട്ടിച്ചേർത്തു. പാലസ് പരിശീലകൻ പാട്രിക് വിയേരയെ പ്രകീർത്തിക്കാനും ഗാർഡിയോള മറന്നില്ല. സിറ്റിയിൽ അവസാന കാലത്ത് കളിച്ച വിയേര ഇടക്ക് ബയേണിൽ ഗാർഡിയോളയുടെ ടീമിന് ഒപ്പവും പ്രവർത്തിച്ചിരുന്നു. താരമെന്ന തിളങ്ങിയ വിയേര ഇപ്പോൾ പരിശീലകൻ ആയും നല്ല പ്രവർത്തനം ആണെന്ന് ഗാർഡിയോള പറഞ്ഞു. പാലസ് ടീമിനെ വലിയ ടീമുകൾക്ക് ഒപ്പം പൊരുതാൻ തയ്യാറാക്കിയ വിയേര മികച്ച ജോലിയാണ് പാലസിൽ ചെയ്യുന്നത് എന്നും പ്രകീർത്തിച്ചു.