ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയെ വാനോളം പുകഴ്ത്തി പെപ്പ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ അടുത്ത ബ്രൈറ്റണെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ കണുമ്പോളാണ് മാഞ്ചസ്റ്റർ സിറ്റി കോച്ച്, ഡി സെർബിയെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ രണ്ടു ദശകത്തിൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താനായ പരിശീലകരിൽ ഒരാളാണ് ഡി സെർബിയെന്ന് പെപ്പ് പറഞ്ഞു, “യൂറോപ്പ യോഗ്യത നേടിയ ബ്രൈറ്റണ് എല്ലാ അഭിനന്ദനങ്ങളും. കഴിഞ്ഞ ഇരുപത് വർഷത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ ആയ കോച്ചുമാരിൽ ഒരാളാണ് ഡി സെർബി. അദ്ദേഹത്തിന്റെ ടീം കളിക്കുന്ന ശൈലിയിൽ മറ്റൊരു ടീമും പന്ത് തട്ടുന്നില്ല. തികച്ചും സമാനതകളില്ലാത്ത ശൈലി”.
അതേ സമയം ഇറ്റാലിയൻ കോച്ചിന് ബ്രൈറ്റണിൽ കഴിവ് തെളിയിക്കാൻ ആവും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് മികച്ച ഫലം ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് പെപ് സമ്മതിച്ചു. പന്തിന്മേലുള്ള ആധിപത്യവും ഇരുപതോ ഇരുപത്തിയഞ്ചോ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതും ഡി സെർബിയുടെ ടീമിന്റെ പ്രത്യേകത ആയി പെപ്പ് ചൂണ്ടിക്കാണിച്ചു. കൂടാതെ ഡിഫെൻസിവ് മിഡ്ഫീല്ഡറെന്ന പോലെ കളിക്കുന്ന ഗോൾ കീപ്പറും കൂടി ആവുമ്പോൾ മികച്ച കളി കെട്ടഴിച്ചില്ലെങ്കിൽ അവർ എതിർ ടീമിനെ നിഷ്പ്രഭരാക്കി കളയുമെന്നും പെപ്പ് സൂചിപ്പിച്ചു. “താൻ ഈ ടീമിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇപ്പോഴത്തെ നേട്ടങ്ങൾ അവർ അർഹിക്കുന്നതാണ്. കളത്തിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതും ഫ്രീ ആയി നിൽക്കുന്ന താരത്തെ കണ്ടെത്തുന്നതിലും അവർ ഇന്ന് ലോകത്തെ ഒന്നാം നമ്പർ ആണെന്ന് പറയാം. മികച്ച താളവും ഇതുപോലെ താരങ്ങളെ ഫ്രീ ആയി നിർത്തുകയും പന്ത് കൈവശം വെക്കുമ്പോൾ ഉള്ള അക്രമണോത്സുകതയും അവരുടെ പ്രത്യേകതയാണ്”, പെപ്പ് വിശദീകരിച്ചു.
Download the Fanport app now!