പെനാൽറ്റി വിവാദം നിറഞ്ഞ മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് കാർഡിഫ് – ഹഡേഴ്സ്ഫീൽഡ് മത്സരം. വിരസമായ മത്സരത്തിൽ പലപ്പോഴും കളിക്കാർ തമ്മിൽ കയ്യാങ്കളിയിൽ ഏർപെട്ടതോടെ റഫറിക്ക് മത്സരത്തിൽ പലതവണ ഇടപെടേണ്ടി വന്നിരുന്നു. മത്സരത്തിലുടനീളം ഇരു ടീമുകൾക്കും മികച്ച കളി പുറത്തെടുക്കാൻ പറ്റിയിരുന്നില്ല. റെലെഗേഷൻ ഭീഷണി നേരിടുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം പലപ്പോഴും വിരസമായിരുന്നു.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ വിവാദ പെനാൽറ്റി സംഭവം നടന്നത്. മത്സരത്തിന്റെ 77ആം മിനുട്ടിൽ ഹഡേഴ്സ്ഫീൽഡ് താരം ഹാഡർജിയോനജിനെ പെനാൽറ്റി ബോക്സിൽ കാർഡിഫ് താരം ജോ റാൾസ് ഫൗൾ ചെയ്‌തെന്ന് പറഞ്ഞാണ് റഫറി ലീ മേസൺ ഹഡേഴ്സ്ഫീൽഡിന് അനുകൂലമായി പെനാൽറ്റി വിളിച്ചത്. എന്നാൽ റഫറി ലീ മേസൺ ലൈൻ റഫറിയുമായി സംസാരിച്ചതിന് ശേഷം പെനാൽറ്റി പിൻവലിക്കുകയും കാർഡിഫിന് അനുകൂലമായി ഫ്രീ കിക്ക് അനുവദിക്കുകയും ചെയ്യുകയായിരുന്നു.
മത്സരം സമനിലയിലായതോടെ കാർഡിഫ് പോയിന്റ് പട്ടികയിൽ 17ആം സ്ഥാനത്താണ്. ഹഡേഴ്സ്ഫീൽഡ് ആവട്ടെ പ്രീമിയർ ലീഗ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.