പോൾ പോഗ്ബയുടെ മനസ്സ് മാറുന്നു, മാഞ്ചസ്റ്ററിൽ പുതിയ കരാറിനോട് അടുക്കുന്നു

നീണ്ടകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചനകൾ നൽകിയിരുന്ന പോൾ പോഗ്ബയുടെ മനസ്സ് മാറുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരാറിലെ അവസാന വർഷത്തിലാണുള്ളത്. ഈ ജനുവരിയോടെ പോഗ്ബ ഫ്രീ ഏജന്റായി മാറും. ഇപ്പോൾ പോഗ്ബയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ ചർച്ചകൾ നടത്തുകയാണ്. പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ പോഗ്ബ സന്തുഷ്ടനാണെന്നും പോഗ്ബ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്തേക്ക് എത്തുക ആണെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സമ്മറിൽ റൊണാൾഡോ, വരാനെ, സാഞ്ചോ എന്നിവരെ യുണൈറ്റഡ് സ്വന്തമാക്കിയതാണ് പോഗ്ബയുടെ മനസ്സു മാറാൻ കാരണം. ഇപ്പോൾ കിരീടങ്ങൾ നേടാനുള്ള സ്ക്വാഡ് യുണൈറ്റഡിനായെന്നും താരം കരുതുന്നു. മാഞ്ചസ്റ്ററിൽ വലിയ കിരീടങ്ങൾ നേടാൻ ആവുന്നില്ല എന്നതു തന്നെ ആയിരുന്നു പോഗ്ബയെ അലട്ടിയിരുന്ന പ്രശ്നം. ഈ സീസൺ ഗംഭീര ഫോമിൽ കളിക്കുന്ന പോഗ്ബ ഈ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ നാലു ലീഗ് മത്സരങ്ങളിൽ നിന്ന് ഫ്രഞ്ച് താരം ഏഴ് അസിസ്റ്റുകൾ ആണ് സംഭാവന ചെയ്തത്.