പത്തു പേരുമായി പൊരുതി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന അരമണിക്കൂറോളം പത്തുപേരുമായി കളിച്ചാണ് വിജയം സ്വന്തമാകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഓൾഡ്ട്രാഫോർഡിൽ മികച്ച തുടക്കമാണ് ലഭിച്ചത്. കളി ആരംഭിച്ച് ആറു മിനുട്ടുകൾക്ക് അകം യുണൈറ്റഡ് ലീഡ് എടുത്തു. ഒരു പെനാൾട്ടി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തുണയായത്. മാർക്കസ് റാഷ്ഫോർഡിന്റെ ഒരു ക്രോസ് കൈകൊണ്ട് തടഞ്ഞതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. ബ്രൂണോ ഫെർണാണ്ടാസ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് യുണൈറ്റഡിന് ലീഡ് നൽകി.
ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അലസരായത് മെല്ലെ ക്രിസ്റ്റൽ പാലസിനെ കളിയിലേക്ക് കൊണ്ടു വന്നു. ആദ്യ പകുതിയിൽ ആ ഗോൾ അല്ലാതെ വലിയ നല്ല നീക്കങ്ങൾ യുണൈറ്റഡിൽ നിന്ന് ഉണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും പന്ത് കളയുന്ന യുണൈറ്റഡിനെ ആണ് കാണാൻ ആയത്. തുടർന്ന് യുണൈറ്റഡ് ഗർനാചീയെ കളത്തിൽ എത്തിച്ചു. റാഷ്ഫോർഡിനെ സ്ട്രൈക്കറാക്കി മാറ്റി. ഇത് പെട്ടെന്ന് തന്നെ ഫലം കണ്ടു. 62ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ ഫിനിഷ്. ലൂക് ഷോയുടെ ക്രോസിൽ നിന്നായിരുന്നു ഫിനിഷ്. റാഷ്ഫോർഡിന്റെ ഈ സീസണിലെ 19ആം ഗോളാണിത്.
ഈ ഗോൾ വന്നതോടെ വിജയത്തിലേക്ക് പോവുകയാണ് എന്ന് കരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ചുവപ്പ് കാർഡിലൂടെ പ്രതിരോധത്തിൽ ആയി. 70ആം മിനുട്ടിൽ ഹ്യൂസിന്റെ കഴുത്തിന് പിടിച്ചതിന് കസെമിറോ ആണ് ചുവപ്പ് കണ്ടത്. ഇതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി.
75ആം മിനുട്ടിൽ ഡി ഹിയയുടെ ഒരു ലോകോത്തര സേവ് കളി 2-0 എന്നതിൽ തന്നെ നിർത്തി. പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ പാലസ് ഗോളുമായി കളിയിലേക്ക് തിരികെയെത്തി. ജെഫ്രി ഷ്ലുപ് ആണ് പാൽസിന് ഗോൾ നൽകിയത്.
ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് സബിറ്റ്സറെയും പിന്നാലെ ലിൻഡെലോഫ്, മഗ്വയർ എന്നിവരെയും കളത്തിൽ ഇറക്കി. അവസാനം നാലു സെന്റർ ബാക്കുകളുമായാണ് യുണൈറ്റഡ് കളിച്ചത്. യുണൈറ്റഡ് താരങ്ങൾ എല്ലാം അവരുടെ ജീവൻ കൊടുത്ത് പോരാടുന്നതാണ് കളത്തിൽ പിന്നീട് കണ്ടത്. അവസാനം അവർ വിജയം ഉറപ്പിക്കുകയും ചെയ്തു.
21 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പാലസ് 21 പോയിന്റുമായി പതിമൂന്നാം സ്ഥാനത്തും നിൽക്കുന്നു.