ഓസിലിന്റെ വിഷമം മനസ്സിലാക്കാം, പക്ഷെ പ്രകടനങ്ങൾ നോക്കി അല്ലാതെ ടീമിൽ എടുക്കില്ല

Newsroom

ഓസിലിന് അധികം അവസരങ്ങൾ ആഴ്സണലിൽ കിട്ടാത്തത് എന്താണെന്ന് വ്യക്തമാക്കി ആഴ്സണൽ പരിശീലകൻ അർട്ടേറ്റ രംഗത്ത്. ഇടവേള കഴിഞ്ഞ് ഫുട്ബോൾ ആരംഭിച്ചതിനു ശേഷം ടീമിന് പുറത്ത് തന്നെ ഇരിക്കാനായിരുന്നു ഓസിലിന്റെ വിധി. മാഞ്ചസ്റ്റർ സിറ്റി, ബ്രൈറ്റൺ, സൗതാമ്പ്ടൺ ടീമുകൾക്ക് എതിരെ ഒന്നും ഓസിൽ കളിച്ചിരുന്നില്ല. ആഴ്സണലിന്റെ എഫ് എ കപ്പ് മത്സരത്തിലും അദ്ദേഹം ഉണ്ടായിരുന്നില്ല.

ഓസിൽ കളിക്കാൻ ആവാത്തതിൽ ദുഖിതനാണെന്ന് തനിക്ക് അറിയാം. അതിനൊപ്പം ഇപ്പോൾ പരിക്കും താരത്തിന് വിനയായിട്ടുണ്ട്. പരിക്ക് ശരിയായാലെ ഇനി ടീമിലേക്ക് പരിഗണിക്കുകയുള്ളൂ. അർട്ടേറ്റ പറയുന്നു. ഓസിൽ മികച്ച താരമാണെന്നും ഓസിലിന്റെ മികവ് എല്ലാവർക്കും അറിയുന്നത് ആണെന്നും അർട്ടേറ്റ പറഞ്ഞു. എന്നാൽ ഓസിലിനെ ടീമിൽ എടുക്കുക പ്രകടനങ്ങൾ വിലയിരുത്തി മാത്രമാകും. ടീമിന് സഹായകരമാകുന്ന രീതിയിലാണ് തന്റെ ടീം സെലക്ഷൻ എന്നും അർട്ടേറ്റ കൂട്ടിച്ചേർത്തു.