“ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത പാടാണ്. ആറിൽ അഞ്ചും ജയിക്കണം” – ഒലെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്നലെ വോൾവ്സിനെതിരെ ഏറ്റ പരാജയം തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് തിരിച്ചടിയാണെന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇനി ആറു മത്സരങ്ങൾ മാത്രം ശേഷിക്കെ 61 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി ബാക്കിയുള്ള ആറു മത്സരങ്ങളിൽ അഞ്ചു വിജയിച്ചാലെ ആദ്യ നാലിൽ എത്തുകയുള്ളൂ എന്ന് ഒലെ പറഞ്ഞു.

76 പോയിന്റ് വേണം ആദ്യ നാലിൽ എത്താൻ എന്നാണ് തന്റെ കണക്കു കൂട്ടലുകൾ എന്ന് ഒലെ നേരത്തെ പറഞ്ഞിരുന്നു. ഇനി അവിടെ എത്താൻ യുണൈറ്റഡിന് 15 പോയിന്റ് ആണ് വേണ്ടത്‌. എല്ലാ മത്സരവും ജയിച്ചാലും ആകെ യുണൈറ്റഡിന് നേടാൻ ആവുക 18 പോയിന്റ് ആണ്‌. യോഗ്യത നേടൽ ഇനി കഷ്ടമാണെങ്കിലും പ്രതീക്ഷയുണ്ടെന്ന് ഒലെ പറഞ്ഞു. തങ്ങൾ മികച്ച ടീമാണെന്നും അതുകൊണ്ട് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാകില്ല എന്നുമാണ് ഒലെയുടെ വാക്കുകൾ.

അവസാന ആറു മത്സരങ്ങളിൽ ശക്തരായ എതിരാളികൾ ആണ് യുണൈറ്റഡിന് മുന്നിൽ ഉള്ളത്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്ക് ഒപ്പം എവർട്ടൺ, വെസ്റ്റ് ഹാം എന്നീ കടുപ്പമുള്ള എതിരാളികളും യുണൈറ്റഡിന് മുന്നിൽ ഉണ്ട്.

Advertisement