‘വാർ’ സൃഷ്ടിക്കുന്ന മണ്ടത്തരങ്ങൾ!വെസ്റ്റ് ഹാം,ന്യൂകാസ്റ്റിൽ ഗോളുകൾ നിഷേധിച്ചത് തെറ്റാണെന്ന് സമ്മതിച്ചു അധികൃതർ

Img 20220904 040755

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാൾക്കുനാൾ ‘വീഡിയോ അസിസ്റ്റന്റ് റഫറി’ അഥവ ‘വാർ’ ഉപയോഗം പ്രശ്നങ്ങൾ സൃഷ്ടിക്കുക ആണ്. നേരത്തെ പ്രീമിയർ ലീഗ് റഫറി അസോസിയേഷനോട് വിവാദ തീരുമാനങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നടന്ന പരിശോധനക്ക് ശേഷമാണ് ചെൽസിക്ക് എതിരെ വെസ്റ്റ് ഹാം നേടിയ സമനില ഗോളും ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിന് എതിരെ നേടിയ വിജയഗോളും നിഷേധിച്ചത് തെറ്റാണെന്ന് അവർ സമ്മതിച്ചത്. നേരത്തെ അതിരൂക്ഷമായ വിമർശനം ആണ് തങ്ങളുടെ ഗോൾ നിഷേധിച്ചതിനെ തുടർന്ന് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയസും, മധ്യനിര താരം ഡക്ലൻ റൈസും നടത്തിയത്.

സമാന വിമർശനം ന്യൂകാസ്റ്റിൽ പരിശീലകൻ എഡി ഹൗവും നടത്തിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിലെ റഫറിമാർക്ക് ‘വാർ’ ഉപയോഗിക്കാൻ അറിയില്ല എന്ന വിമർശനം ടോട്ടൻഹാം പരിശീലകൻ അന്റോണിയ കോന്റെയും ഉയർത്തിയിരുന്നു. ശനിയാഴ്ച ഇതിനു പുറമെ വില്ലയുടെ കൗട്ടീന്യോയുടെ വിജയഗോൾ അനുവദിക്കാത്തതും ലീഡ്സിന് പെനാൽട്ടി അനുവദിക്കാത്തതും വിവാദം ആയിരുന്നു. അതേപോലെ ആഴ്‌സണലിസ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ മാർട്ടിനെല്ലി നേടിയ ആദ്യ ഗോൾ വാർ നിഷേധിച്ചതും വിവാദം ആയിരുന്നു. തുടർന്ന് റഫറിമാരെ വിമർശിച്ച് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ രംഗത്ത് വന്നിരുന്നു.