മുൻ വോൾവ്‌സ് പരിശീലകൻ നുനോ ക്രിസ്റ്റൽ പാലസിലേക്ക്

മുൻ വോൾവ്‌സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ ക്രിസ്റ്റൽ പാലസ് പരിശീലകനായേക്കുമെന്ന് സൂചന. ഈ സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോയ് ഹോഡ്സന്റെ ഒഴിവിലേക്കാണ് മുൻ വോൾവ്‌സ് പരിശീലകനെ ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നത്. നാല് വർഷം വോൾവ്‌സ് പരിശീലകനായതിന് ശേഷമാണ് നൂനോ സീസണിന്റെ അവസാനത്തോടെ സ്ഥാനം ഒഴിഞ്ഞത്.

നേരത്തെ മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡുമായും മുൻ ആഴ്‌സണൽ താരം പാട്രിക് വിയേരയെയും പരിശീലക സ്ഥാനത്തേക്ക് ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നുണ്ട്. വോൾവ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞ നൂനോ ടോട്ടൻഹാം പരിശീലകനാകും എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നൂനോ ക്രിസ്റ്റൽ പാലസ് പരിശീലകനായി എത്തുമെന്ന സൂചന ലഭിച്ചത്.