ചെൽസി വിൽക്കാൻ ഉടമ റോമൻ അബ്രമോവിച്ചിന് ഉദ്ദേശമില്ലെന്ന് ചെൽസി ചെയർമാൻ ബ്രൂസ് ബക്ക്. ചെൽസിയുടെ ദൈനം ദിന കാര്യങ്ങളിൽ അബ്രമോവിച്ച് ഇടപെടുന്നുണ്ടെന്നും ചെൽസിയെ വിൽക്കാൻ അബ്രമോവിച്ച് ഉദ്ദേശിക്കുന്നില്ലെന്നും ബ്രൂസ് ബക്ക് പറഞ്ഞു. റഷ്യൻ പൗരനായ റോമൻ അബ്രമോവിച്ചിന് യു.കെ വിസ നിഷേധിച്ചത് മുതൽ അബ്രമോവിച്ച് ചെൽസി വിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിനെ തുടർന്ന് ചെൽസി തങ്ങളുടെ ഗ്രൗണ്ട് വിപുലീകരിക്കാനുള്ള പദ്ധതികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. വിസ നിഷേധിച്ചതിനെ തുടർന്ന് സ്ഥിരമായി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയുടെ കളിക്ക് എത്തിയിരുന്ന അബ്രമോവിച്ചിന് തുടർന്ന് മത്സരങ്ങൾക്ക് വരൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ചെൽസി ചെയർമാന്റെ വാക്കുകൾ പ്രകാരം ചെൽസി ഒരിക്കൽ പോലും വിൽക്കാൻ അബ്രമോവിച്ച് ശ്രമിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. താരങ്ങളുടെ കരാർ പുതുക്കുന്നതിലും പുതിയ താരങ്ങളെ വിൽക്കുന്നതിലും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിലും അബ്രമോവിച്ച് ഇടപെടുന്നുണ്ടെന്നും ബ്രൂസ് ബക്ക് പറഞ്ഞു.