യുവതാരം എഡ്ഡി എൻകെറ്റയ ആഴ്‌സനലിൽ പുതിയ ദീർഘകാല കാരാർ ഒപ്പുവെക്കും. താരവുമായി ആഴ്‌സനൽ പുതിയ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
ഈ മാസം അവസാനത്തോടെ നിലവിലെ കരാർ അവസാനിക്കാൻ ഇരിക്കെയാണ് ആഴ്‌സനൽ പുതിയ കരാറുമായി എൻകെറ്റയുടെ മുന്നിൽ എത്തിയത്. 23 കാരനായ മുന്നേറ്റ താരം 2017 മുതൽ ആഴ്‌സനൽ സീനിയർ ടീമിന്റെ ഭാഗമാണ്. കരാറിൽ താരം ഒപ്പിടുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പ്രമുഖ താരങ്ങൾ ആയ ഔബമയങ്, ലക്കസെറ്റ് എന്നിവരെ നഷ്ടമായതിനാൽ പുതിയ മുന്നേറ്റകാർക്കുള്ള തിരച്ചിലിൽ ആണ് ആഴ്‌സനൽ. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി പത്ത് ഗോളുകൾ നേടിയിരുന്ന എൻകെറ്റയെ ടീമിൽ നിലനിർത്തേണ്ടത് ഗണ്ണെഴ്സിന് ആവശ്യവും ആയിരുന്നു. കൂടുതൽ അവസരങ്ങൾക്ക് വേണ്ടി താരം ക്ലബ്ബ് വിട്ടേക്കും എന്ന സൂചനകളും ഉണ്ടായിരുന്നു. എങ്കിലും ക്ലബ്ബിന്റെ പുതിയ ഓഫർ താരം അംഗീകരിക്കുകയായിരുന്നു.
ആഴ്‌സനലിനായി ഇതുവരെ 93 മത്സരങ്ങളിൽ ഇറങ്ങി. 23 ഗോളുകൾ നേടാൻ ആയി. ചെൽസി യൂത്ത് അക്കാഡമിയിലൂടെ വളർന്ന താരം പിന്നീട് ആഴ്‌സനലിലോട്ടു മാറുകയായിരുന്നു. 2019-20 സീസണിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി ലോൺ അടിസ്ഥാനത്തിലും കളിച്ചിരുന്നു.